Tuesday, April 6, 2010

എ ഫ്യൂഡല്‍



“അച്ചാ ഇതാണോ ഭാരതപുഴ” കുറ്റിപ്പുറം പാലത്തിലൂടെ സഞ്ചരിക്കവേ മകള്‍ എന്നോട് ചോദിച്ചു!
അങ്ങിങ്ങവിടെയായി കുറച്ചു വെള്ളകുഴികള്‍ മാത്രം!
എന്നിട്ടും മണല്‍ മാഫിയക്കാര്‍ സജീവം!
ചെറുപ്പത്തില്‍ കടല്‍ കരയില്‍ ചെറുകുളങ്ങള്‍ ഉണ്ടാക്കികളിച്ചതിന്റെ ഓര്‍മ്മയില്‍ ഞാന്‍ വണ്ടിയോടിച്ചു.
ആകാശം മുന്നില്‍ നീണ്ടു നിവര്‍ന്നു നില്‍ക്കുന്നു.കൂട്ടിനായ് താഴെ പരന്നുകിടക്കുന്ന ഭൂമി.
നിയമം വെന്തമണം കാറ്റില്‍ പറന്നു വന്ന് മൂക്കിലടിച്ചപ്പോള്‍ തുറന്നിട്ടിരുന്ന കാറിന്റെ ചില്ലുകള്‍ ഞാന്‍ അടച്ചു.
റേഡിയോ തുറന്നപ്പോള്‍ സുകുമാര്‍ അഴീക്കോട് എന്തെല്ലാമോ പുലമ്പുന്നു “ കാശുള്ളവന്‍ കേമനും കാശില്ലാത്തവന്‍ കോമാളിയുമാണ്....” ആ സംഭാഷണങ്ങള്‍ തലവേദനയുണ്ടാക്കുമെന്നായപ്പോള്‍ അതും ഓഫാക്കി.
അപ്പോഴേക്കും മകള്‍ ഉറങ്ങിയിരുന്നു.മകളുടെ ദേഹത്ത് പുറത്തെ ചൂട് വിയര്‍പ്പുപടര്‍ത്തിയപ്പോള്‍ ഞാന്‍ ഏ.സി ഓണാക്കി.
ധര്‍മ്മം പുലര്‍ത്താന്‍ കഴിയാത്ത ദൈവമപ്പോള്‍ എന്നെ നോക്കി “എ ഫ്യൂഡല്‍ “ എന്നു മന്ത്രിക്കുന്നുണ്ടായിരുന്നു!.

ഞാന്‍ പറയാത്ത രഹസ്യങ്ങള്‍



സുദേവിന്റെ മരണത്തോടെ അനാഥമായ ആ തകരപ്പെട്ടിയിലെ എഴുത്തുകളാണ് എന്നോട് അയാളുടെ ജീവിതം പറഞ്ഞത്.
പ്രണയത്തില്‍ തുടങ്ങി വിരഹത്തില്‍ അവസാനിച്ച ആ ജീവിതത്തിനിടക്ക് എന്തെല്ലാം പെടാപ്പാടുകള്‍!.
പതിനാറാം നിലയിലെ പണിക്കാരാണ് ആ ജഡം കാണുന്നത് അതും ഒരു ഞായറാഴ്ച്ച.ആരും കാണാതെ കഴിഞ്ഞ മൂന്നു ദിവസമായി ആ ജഡം അവിടെ തൂങ്ങിനിലക്കുന്നുണ്ട്!
പോലീസ് ക്ലിയറന്‍സ് കഴിഞ്ഞ് കിട്ടിയ ജഡം ഏറ്റുവാങ്ങുവാന്‍ ആളുകളില്ലാതെ പൊതുശ്മശാനത്തില്‍ മറവുചെയ്തപ്പോഴാണ് ഞാന്‍ ശരിക്കും ആ വിരഹം അറിഞ്ഞത്!
അവസാനം എനിക്കുകൂട്ടായി അയാള്‍ ബാക്കിവെച്ച സമ്പാദ്യമായ എഴുത്തുകള്‍ അതിലെ രഹസ്യങ്ങള്‍...... എന്നോടൊപ്പം മണ്ണടിയട്ടെ!.

Wednesday, January 20, 2010

നിക്കറിയാല്ലോ എന്താനടക്കാന്



എല്ലാവരും തിരക്കിട്ട ജോലിയിലായിരുന്നു.നാളെ വൈകുന്നേരത്തിനുള്ളില്‍ പണിപൂര്‍ത്തിയാക്കി മടങ്ങി പോകാനുള്ള ധൃതിയിലായിരുന്നു സൂപ്പര്‍വൈസര്‍.അപ്പോഴാണ് ശ്രദ്ധിക്കുന്നത് കൂട്ടത്തില്‍ ഒരാള്‍ മിസ്സിംഗ്!എല്ലാവരും പരസ്പരം ചോദിച്ചു ''എവിടെ മുജീബ് റഹ്മാന്‍''

ഇടനാഴിയില്‍ ഒരിരുട്ട് മൂലയില്‍ മൊബൈല്‍ ഫോണിലൂടെ ഇടതടവില്ലാതെ ഡയല്‍ ചെയ്ത് കണക്ഷന്‍ കിട്ടാതെ വീണ്ടും വീണ്ടും നിരാശനാകുന്ന അവനെ കണ്ടെത്തിയപ്പോള്‍ അല്‍പം സ്വരമുയര്‍ത്തി തന്നെ ചോദിച്ചു പോയി ''ഓണത്തിനിടക്കാണോടാ നിന്റെ പുട്ടുകച്ചോടം'' മറുപടിയൊന്നും പറയാതെ നില്‍ക്കുന്ന അവന്റെ മുഖം പരിഭ്രമം കൊണ്ട് നിറഞ്ഞിരിക്കുന്നത് മങ്ങിയ വെളിച്ചത്തിലും ഞാന്‍ ശ്രദ്ധിച്ചു.എന്തൊപന്തികേടുണ്ടെന്ന് മനസ്സിലായി.നിര്‍ബന്ധിച്ചിട്ടും അവന്‍ ഒന്നും പറയുന്നുമില്ല.അപ്പോഴേക്കും സഹപ്രവര്‍ത്തകരെല്ലാം അവിടെക്ക് ഓടിയെത്തിയിരുന്നു.

വിവാഹം കഴിഞ്ഞ് പതിനാലാം നാള്‍ വിമാനം കയറിയ ഒരു പുതുമാരന്‍.മണിയറയുടെ മണം കിനാവില്‍ തങ്ങി നില്‍ക്കുക സ്വാഭാവികം.ശ്രീമതിയുടെ പരിവേദനകളോ കണ്ണീരോ ഒരു പക്ഷെ അവനെ വേദനിപ്പിച്ചതാകുമോ? അതുമല്ലങ്കില്‍ വേണ്ടപ്പെട്ടവരുടെ അസുഖങ്ങളോ വേര്‍പ്പാടോ അറിയിച്ചു കൊണ്ടുള്ള വാര്‍ത്തകളോ മറ്റോ ആകുമോ? ചിന്തകള്‍ കാടുകയറുന്നതിനിടക്ക്,ആരുടേയെല്ലാം സ്നേഹപൂര്‍വ്വമായ നിര്‍ബന്ധത്തിനു വഴങ്ങി അവന്‍ സസ്പെന്‍സിന്റെ കെട്ട് പൊട്ടിച്ചു.

പെണ്ണിന്റെ തന്തപ്പടി അതായത് അവന്റെ അമ്മായിയപ്പന്‍ പ്രവാസലോകത്തേക്ക് യാത്രതിരിക്കുകയാണ്.എയര്‍പ്പോര്‍ട്ടുവരെ കെട്ട്യോളും അനുഗമിക്കുന്നുണ്ടത്രേ!അമ്മായിയമ്മ അസുഖം നിമിത്തം ഒപ്പം കൂടുന്നുമില്ല!കൂടെയുള്ളതാകട്ടെ എട്ടും പൊട്ടും തിരിച്ചറിയാത്ത അവളുടെ കുഞ്ഞനുജനുമാണ്.

''അതിനെന്താണിത്രെ പരിഭ്രമിക്കാനുള്ളത്,എയര്‍പ്പോര്‍ട്ടില്‍ കൊണ്ട് വിട്ട് അവരിങ്ങ് മടങ്ങി വീട്ടിലെത്തില്ലേ? തന്റെ വേവലാതി കണ്ടപ്പോള്‍ മറ്റെന്തോ അത്യാഹിതം സംഭവിച്ചെന്നാണല്ലോ കരുതിയത്'' ഞാന്‍ പറഞ്ഞു.

അവന്റെ പ്രതികരണം പെട്ടെന്നായിരുന്നു ''ഇങ്ങക്കറിയില്ല ഞങ്ങളുടെ സ്റ്റാന്റിലുള്ള ടാക്സിക്കാരെ ഒക്കെ വെടക്കാ അതാ നിക്ക് പേടി''.

''അങ്ങിനെയൊന്നും ചിന്തിക്കരുത്, എല്ലാവരും നല്ലവരെന്ന് കരുതുക.കേട്ടിടത്തോളം തന്റെ ഭാര്യ ഒരു പാവം കുട്ടിയാണ്.അവളെ ഒട്ടും സംശയിക്കരുത്.ആവശ്യമില്ലാത്തത് ചിന്തിച്ച് തലപുണ്ണാക്കി സമയം കളയാതെ വന്ന് നീ നിന്റെ ജോലി പൂര്‍ത്തിയാക്കാന്‍ നോക്ക്'' എന്ന എന്റെ മറുപടിക്ക് അവന്റെ പൊട്ടിതെറിയായിരുന്നു ഉത്തരം.

''അവിടത്തെ ഒരു ഡ്രൈവറും ശരിയല്ല,അവസരം കിട്ടിയാല്‍ മൊതലാക്കും.ഞാനും ആ സ്റ്റാന്റിലെ ഡ്രൈവറായിരുന്നു,നിക്കറിയാല്ലോ എന്താനടക്കാന്!!!''

Thursday, December 3, 2009

സന്ധ്യയുടെ യാത്ര



മാംസം വെന്തുകഴിഞ്ഞപ്പോള്‍,
ദഹിക്കാന്‍ കാത്തു നില്‍ക്കാതെ അസ്ഥി ചിതയില്‍ നിന്നും എഴുന്നേറ്റ് നടന്നു.
അപ്പോള്‍ പുഴക്കരയില്‍, സന്ധ്യ യാത്രയുടെ ദൂരം ഗണിക്കാന്‍ ക്യൂനില്‍ക്കുകയായിരുന്നു.
പുഴയില്‍ കുളിച്ചു തുവര്‍ത്തിയ അസ്ഥി ഖേദസിന്ദൂരം ചാര്‍ത്തി സന്ധ്യയെ കാത്തുനിന്നു.
ഗണിച്ചു കിട്ടിയ ദൂരവുമായി അസ്ഥിയും സന്ധ്യയും യാത്രയായപ്പോള്‍ പുഴക്കരയില്‍ ഇരുട്ട് പരന്നു.
അപ്പോഴും ചിതപുകയുന്നുണ്ടായിരുന്നു.

Friday, November 27, 2009

മാംസക്കുപ്പായം



ഒരിക്കല്‍ എന്റെ അസ്ഥി എന്നോട് പറഞ്ഞു എന്റെ ഈ നാറിയ മാംസക്കുപ്പായം മാറ്റുവാന്‍.
ഞാന്‍ ഉടനെ ഒരു കത്തിയെടുത്ത് എന്റെ മാംസക്കുപ്പായം കീറിമാറ്റി.
സ്വതന്ത്രമായ അസ്ഥി പുതിയൊരു മാംസക്കുപ്പായം ഇട്ടു.
അസ്ഥിപോയ എന്റെ മാംസക്കുപ്പായം വഴിയില്‍ ആര്‍ക്കും വേണ്ടാതെ കിടന്നു.
എന്നാല്‍ എന്റെ ഹൃദയം അപ്പോഴും ആ അസ്ഥിക്കുള്ളില്‍ മിടിക്കുന്നുണ്ടായിരുന്നു!

Friday, October 16, 2009

ഡിവോഴ്‌സ്



മോഹന്‍ജദാരോയും ഹാരപ്പയും അഥര്‍വ്വവേദവും ദ്രാവിഡര്‍ ആരന്മാര്‍ക്ക് നല്‍കിയെങ്കിലും,അവര്‍ ദ്രാവിഡപിതൃക്കളെ ശ്രാദ്ധമൂട്ടിയില്ല എന്ന ഒറ്റ കാരണത്താല്‍ ദ്രാവിഡദേവനും ആര്യദേവിയും ഡിവോഴ്സിനായി കുടുംബ കോടതിയില്‍ ഹര്‍ജ്ജിനല്‍കി.കാലമിത്രയുമായിട്ട് ബ്രഹ്മാവ് വിധിപ്രസ്ഥാവിക്കാത്തതിനാല്‍ അവര്‍ ഇന്നും ഭാര്യഭര്‍ത്താക്കാന്മാരായി കഴിയുന്നു.

Monday, October 12, 2009

ഘടികാരം



''സെക്കന്റിലൂടെ
മിനിറ്റിലൂടെ
മണിക്കൂറിലൂടെ
ദിവസങ്ങളിലൂടെ
ആഴ്ച്ചകളിലൂടെ
മാസങ്ങളിലൂടെ
വര്‍ഷങ്ങളിലൂടെ
സഞ്ചരിച്ച് കൃത്യമായി അളന്നുതിട്ടപ്പെടുത്തിയവള്‍'' എന്നു പറഞ്ഞു നിറുത്തിയ എന്നോട് സുഹൃത്ത് ചോദിച്ചു''എന്താണ് അളന്ന് തിട്ടപ്പെടുത്തിയത്?ആരാണ് ഈ അവള്‍?''
മറുപടി''തിട്ടപ്പെടുത്തിയത് എന്റെ മരണം,തിട്ടപ്പെടുത്തിയവള്‍ ഘടികാരവും''ഒരു ദീര്‍ഘനിശ്വാസത്തോടെ ഞാന്‍ തുടര്‍ന്നു''നിനക്കറിയാമോ ഈ ഘടികാരം കണ്ടുപിടിച്ചില്ലായിരുന്നുവെങ്കില്‍ മരണം തിട്ടപ്പെടുത്തുമായിരുന്നില്ല''
സുഹൃത്ത് ഒന്നും മിണ്ടാതെ എഴുന്നേറ്റുനടന്നു.അപ്പോഴേക്കും കടല്‍ സൂര്യനെ ഭോഗിച്ചു തുടങ്ങിയിരുന്നു.

Saturday, October 10, 2009

പേരും പേരുകളും



ഒരാളെ പോലെ ലോകത്ത് ഏഴുപേരെങ്കിലും കാണുമെന്നു പറഞ്ഞ എന്റെ സുഹൃത്തിനോട് ഞാന്‍ ചോദിച്ചു''ഒരാളുടെ പേര് പോലെ പേരുള്ള എത്ര പേര്‍ ലോകത്ത് ഉണ്ട്'' ഉത്തരം പറയാനാവാതെ അയാള്‍ പേരില്ലാത്ത ലോകം ലക്ഷ്യമാക്കി നടന്നു.

Thursday, October 1, 2009

പ്രഥമ ഖത്തര്‍ ബ്ലോഗേഴ്സ് മീറ്റ് 2009 അഥവാ 'ഈറ്റില്ലാമീറ്റ്'


മീറ്റിന്റെ തലേദിവസം മുതല്‍ ഫോണ്‍ വിളികളുടെ തിരക്കായിരുന്നു ഖത്തറില്‍ ഞാന്‍ കണ്ടെത്തിയ പല ബ്ലോഗര്‍മാരേയും ബന്ധപ്പെടാന്‍ നമ്പര്‍ ഇല്ലാത്തതിനാല്‍ അവരെ കിട്ടാനുള്ള ഏക മാര്‍ഗ്ഗം അവരുടെ ബ്ലോഗുകളില്‍ ഒരു കമേന്റിടുക എന്നതു മാത്രമായിരുന്നു.അങ്ങിനെ കമേന്റിട്ട പതിനൊന്ന് പേരില്‍ ആറുപേര്‍ വിളിച്ചു.ഖത്തറിലാകെയുള്ള മലയാളി ബ്ലോഗേഴ്സ് എന്നുപറയാന്‍ മുപ്പത്തിയഞ്ച് പേര്‍ മാത്രമാണുള്ളത്.

പിന്നെ ഞാന്‍ ഫോണിലൂടെ നേരിട്ട് വിളിച്ച പതിമൂന്ന് പേര്‍, പിന്നെ രാമചന്ദ്രന്‍ വിളിച്ച മൂന്ന് പേര്‍, പിന്നെ ഞാനും രാമചന്ദ്രനും വിളിച്ചിട്ട് കിട്ടാത്തവരും നാട്ടിലുള്ളവരും വേറെ............

നേരം വെളുത്തതുമുതല്‍ ആകെ ഒരു ടെന്‍ഷനായിരുന്നു.വളരെ നല്ല
രാത്രി, വളരെ വൈകി, 11.30 നാണ് രാമേട്ടനെ വിളിച്ചത് എങ്കിലും ആരൊക്കെ വരും എന്നതായിരുന്നു ആ ടെന്‍ഷന്‍, പ്രഥമമീറ്റല്ലേ?

അങ്ങിനെയിരിക്കെ ഒരു മണിക്ക് നജീം വിളിക്കുന്നു

''ഞാനും ജുബിനും സൈലേഷും ഒരുമിച്ചു വരാനിരുന്നതാ, എനിക്ക് അത്യാവശ്യമായി ഓഫീസില്‍ ഒന്ന് പോകണം ഞാന്‍ അവിടെ എത്തിക്കോളാം,സഗീര്‍."

ഓകെ, എന്ന് പറഞ്ഞ് ഫോണ്‍ വെക്കേണ്ട താമസം ജുബിന്‍ വിളിക്കുന്നു.
ഞാന്‍ ജുബിനോട് നജീം പറഞ്ഞ കാര്യം പറഞ്ഞു.മോഹനവുമായിവരാന്‍ പറഞ്ഞ് സൈലേഷിന്റെ ഫോണ്‍ നമ്പര്‍ കൊടുത്തു.

സമയം 4.10, ഒരു മെസേജ്! മാധവികുട്ടിയാണ് മെസേജ് അയച്ചിരിക്കുന്നത്.ഇപ്രാവശ്യം പങ്കെടുക്കുവാന്‍ കഴിയില്ലെന്നും അടുത്ത പ്രാവശ്യം പങ്കെടുക്കാമെന്നുമായിരുന്നു ആ മെസേജ്.

സമയം 4.30, എന്റെ ഫോണിലേക്ക് ഒരു കോള്‍ മറുഭാഗത്ത് രാമചന്ദ്രനാണ്.
''ഹലോ സഗിറേ ഇറങ്ങിയോ''
''ഇല്ല, രാമേട്ടന്‍ എത്തിയോ''
''ഇല്ല, ഞാന്‍ അഞ്ച്, പത്ത് മിനിറ്റിനകം എത്തും''
''ഞാനും ഒരു പത്ത്, പതിനെഞ്ച് മിനിറ്റിനകം അവിടെ എത്താം''
''സുനില്‍ എന്നെ വിളിച്ചിരുന്നു, അവിടെ എത്തിയെന്നും പറഞ്ഞു''
''ഓകെ, എന്നാല്‍ അവിടെവെച്ച് കാണാം''



രാമചന്ദ്രന്‍

4.45 ന്‌ ബിദാപാര്‍ക്കില്‍ ഞാനും ജെസിയും തബൂസും (എന്റെ ഫാമിലിയാണ്!) ലാന്റ് ചെയ്തു അവിടെ ആരെയും കണ്ടില്ല
ഫോണെടുത്തു രാമേട്ടനെ വിളിച്ചു
''ഹലോ രാമേട്ടാ എത്തിയോ''
''എത്തി, ഞങ്ങള്‍ ഇവിടെ കുട്ടികള്‍ സ്ലയിടിംഗ് ചെയ്യുന്ന ഭാഗത്താണ്''
''അത് എവിടെയാണ്''
ഇവിടെ ഒരു ഓലമേഞ്ഞ കടയുണ്ട്''
''പള്ളിയുടെ അടുത്താണോ''
''ങാ,എനിക്ക് പള്ളികാണാം''
''ഞാന്‍ അവിടെയുണ്ട്''
''ഞാന്‍ നിങ്ങളെ കണ്ടു,ഇങ്ങോട്ട് നേരെ നോക്കു എന്നെ കാണാം''
''ഓകെ ഞാന്‍ കണ്ടു, ഞാന്‍ അങ്ങോട്ട്
വരാം''



സഗീര്‍

ആദ്യം എന്നെ വരവേറ്റത് ഒരു ബുള്‍ഗാന്‍ താടിയൊക്കെ വെച്ച് ഒരു ബുജി സ്റ്റൈയിലിലൊരാള്‍!ആള്‍ സ്വയം പരിചയപ്പെടുത്തി ''ഞാന്‍ സുനില്‍...........ശാരദനിലാവ്''
പിന്നെ രാമേട്ടനും കുടുംബവും ആയിരുന്നു എന്റെ അടുത്ത ഊഴം.



സുനില്‍

ആ ചടങ്ങ് അവസാനിക്കാന്‍ ഇടം നല്‍കാതെ എന്റെ ഫോണ്‍ ശബ്ദിച്ചു
മറുഭാഗത്ത് സൈലേഷ് ആണ്.കോളിന്റെ ഉദ്ദേശ്യം വഴി ചോദിച്ചു ഉറപ്പു വരുത്തലായിരുന്നു.

കോള്‍ കട്ട് ചെയ്യേണ്ടതാമസം, ഉടനെ വീണ്ടും ഫോണ്‍ ശബ്ദിക്കുന്നു.
മറുഭാഗത്ത് മുരളിയാണ്''ഞാന്‍ വരുന്ന വഴിയിലാണ് ഒരു പത്ത് പതിനെഞ്ച് മിനിറ്റിനകം അവിടെയെത്താം.

ഫോണ്‍ കട്ടുചെയ്ത് മീറ്റിനു ക്ഷണിച്ചവരെ പറ്റി പറഞ്ഞ് തുടങ്ങുമ്പോഴേക്കും
രാമേട്ടന്റെ ഫോണ്‍ ശബ്ദിച്ചു മറുഭാഗത്ത് ശ്രദ്ധേയന്‍.ആള്‍ പാര്‍ക്കിലെത്തിയെന്നും ശരിയായ സ്ഥലം എവിടെയെന്ന് മനസിലാക്കുക എന്നതായിരുന്നു ആ കോളിന്റെയും ഉദ്ദേശ്യം.


രാമേട്ടന്‍ ആരെയൊക്കെവിളിച്ചു എന്നു ചോദിച്ചതിനു മറുപടിയായി ഞാന്‍ പറഞ്ഞു ''പത്തിരുപതുപേരെ വിളിച്ചിട്ടുണ്ട് ആരൊക്കെവരും എന്ന് നിശ്ചയമില്ല''

അപ്പോഴേക്കും മോഹനത്തിന്റെ കോള്‍ വീണ്ടും വന്നു ''ഞങ്ങള്‍ പാര്‍ക്കിലെത്തി എന്നറിയിച്ചുകൊണ്ടുള്ള കോള്‍ ആയിരുന്നു അത്.

കുറച്ചു കഴിഞ്ഞില്ല അപ്പോഴേക്കും ജുബിന്‍ വിളിക്കുന്നു.മോഹനത്തിനു വീണ്ടും സ്ഥലത്തെകുറിച്ച് പ്രശ്നം!

സ്ഥലമൊരിക്കല്‍കൂടി പറഞ്ഞ് ഫോണ്‍ വെച്ചു.

അപ്പോഴേക്കും മുരളിയും ഗുല്‍സാറും എത്തി.പരിചയപ്പെട്ടു ഗുല്‍സാര്‍ ഉടന്‍ പള്ളിയിലോട്ട് പോയി.



മുരളി



ഗുല്‍‌സാര്‍

എന്നിട്ടും ജുബിനെ കാണാതായപ്പോള്‍ ഞാന്‍ അങ്ങോട്ട് വിളിച്ചു കാര്യം തിരക്കി
ജുബിന്‍''പാര്‍ക്കില്‍ കൊടികള്‍ വെച്ചിരിക്കുന്നതിനടുത്തുണ്ട് ഞങ്ങള്‍''
'സമാധാനമായി'
ഞാന്‍''അതിനടുത്ത് കുട്ടികള്‍ സ്ലയിടിംഗ് ചെയ്യുന്ന ഭാഗത്തിനടുത്തുണ്ട് ഞങ്ങള്‍''

പിന്നീട് ഞാന്‍ കിരണിനെ വിളിച്ചു.അപ്പോള്‍ കിരണ്‍ ചോദിക്കുന്നു''ഇന്നാണോ കൂടുന്നത്, ഞാന്‍ കരുതി മാറ്റിവെച്ചിരിക്കുമെന്ന്''
ഞാന്‍''അതെങ്ങിനെയാ അങ്ങിനെ വല്ലതുമുണ്ടെങ്കില്‍ ഞാന്‍ അറിയിക്കില്ലേ''
കിരണ്‍''ഞാന്‍ പ്ലാന്‍ ചെയ്തില്ല,ഓകെ ഞാന്‍ തനിയെ വരാം ഫാമിലിയുമായി പിന്നീടാവാം,ദ ഒരു പത്തിരുപത് മിനിറ്റ്''
ഞാന്‍''ഓകെ''

അപ്പോഴേക്കും ഷെഫീക്ക് (ശ്രദ്ധേയന്‍) എത്തി.ആളെകുറിച്ച് രാമേട്ടന്‍ ഒരു ബ്രീഫ് തന്നിരുന്നു അതിനാല്‍ പരിചയപ്പെടല്‍ എളുപ്പമായി.



ശ്രദ്ധേയന്‍

അപ്പോഴേക്കും സൈലേഷും (മോഹനം) ജുബിനുമെത്തി.



മോഹനം



ജുബിന്‍

വിണ്ടും ഫോണ്‍ മറുഭാഗത്ത് ഹാരിസ്''സഗീര്‍ എവിടെയാണ്''
ഞാന്‍''അല്‍ ബിദാ ഇന്ററ്റ്ചെയ്ഞ്ച് എന്നെഴുതിയീട്ടുള്ള റൌണ്ട് എബോര്‍ട്ടിനു സമീപം പാര്‍ക്കിലുള്ള പള്ളിയുടെ അടുത്തുണ്ട് ഞങ്ങള്‍''
ഹാരിസ്''ഓകെ ഞാന്‍ ഇപ്പുറത്താണുള്ളത് വണ്ടി പാര്‍ക്ക് ചെയ്തിട്ടങ്ങോട്ട് വരാം''

സമയം 5.35, പള്ളിയില്‍ മഗ്രിബ് ബാങ്ക് വിളിക്കുന്നു.

കുറച്ചു കഴിഞ്ഞ് ഹാരിസുമെത്തി.അപ്പോഴേക്കും പള്ളിയില്‍ ഇഖാമത്ത് കൊടുത്തു.



ഹാരിസ്

പരിചയപ്പെട്ടുവെങ്കിലും വിശദമായി പരിചയപ്പെടല്‍ നമസ്ക്കാരത്തിനുശേഷമാകാം എന്ന് പറഞ്ഞ്, ഹാരിസ്സ് പള്ളിയിലേക്ക് നടന്നു പിറകെ ഷെഫീക്കും ഞാനും പള്ളിയിലേക്ക് നീങ്ങി.

സമയം 5.45, പള്ളി കഴിഞ്ഞ് മോബ് ഓണ്‍ചെയ്യലും കിരണ്‍ വിളിച്ചു''സഗീര്‍, എവിടെയാണ്''

ഞാന്‍''കഴിഞ്ഞവര്‍ഷത്തെ 'ദോഹാകൂട്ട'ത്തിന്റെ ഇഫ്ത്താര്‍ നടത്തിയ അതേ സ്ഥലം തന്നെ''
കിരണ്‍'' ഓകെ, ഞാന്‍ ഇതാ എത്തി''

കിരണ്‍ കൂടിയെത്തിയപ്പോഴേക്കും അംഗസംഖ്യ ഒമ്പതിലെത്തി''



കിരണ്‍

ഇതിനിടയ്ക്ക് ഞാന്‍ നാദിറിനെ വിളിച്ചു''ഹലോ എവിടെയാണ്''
നാദിര്‍''നിങ്ങള്‍ തുടങ്ങിക്കോളൂ, ഞാന്‍ അവിടെയെത്താം,ഞാന്‍ കുറച്ചു ദൂരെയാണ്''
ഞാന്‍''ഡി ഐ ഡി (ഡാഫോഡില്‍സ് ഇന്‍ ഡിസെര്‍ട്ട് ഒരു ഓണ്‍ലൈന്‍ കൂട്ടായ്മയാണ്‌) മീറ്റാണെങ്കില്‍ നേരെത്തെയെത്തുമല്ലോ''
മറുപടി ഒരു ചിരിയായിരുന്നു.

നജീമിനെ വിളിയ്ക്കാന്‍ ശ്രമിച്ചപ്പോഴൊക്കെയും, ഫോണ്‍ സ്വിച്ചോഫായിരുന്നു (അപ്പോള്‍ മാത്രമാണ് എനിക്ക് ആ ഒരു മണിയ്ക്കുള്ള കോളിന്റെ യാഥാര്‍ത്ഥ്യം മനസ്സിലായത്)

ഫോണ്‍ വീണ്ടും ശബ്ദിക്കുന്നു.മറുഭാഗത്ത് അസ്‌ലമാണ്.ഉദ്ദേശ്യം സ്ഥലം മനസിലാക്കല്‍ തന്നെ!മറുപടി നല്‍കി ഫോണ്‍ വെച്ചു.

അപ്പോഴേക്കും അവിടെ ഒരു മലയാളി സെക്യൂരിറ്റി ഗാര്‍ഡ് എത്തി, മറ്റുള്ളവരോട് എന്തോ പറയുന്നു.കാര്യം തിരക്കിയപ്പോള്‍ ഈദിന്റെ ഒഴിവുദിനങ്ങളില്‍ ഫാമിലിയ്ക്ക് മാത്രമാണ് ഈ പാര്‍ക്ക് സംവരണം ചെയ്തിരിക്കുന്നത്, അതിന്നാല്‍ ഫാമിലിയില്ലാത്തവര്‍ ഒഴിഞ്ഞുപോകണം എന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.അങ്ങിനെ ഞങ്ങള്‍ അവിടെനിന്നും കൂട്ടത്തോ മാര്‍ച്ച് ചെയ്തു കോര്‍ണീഷിലേക്ക്..........

അപ്പോള്‍ സുനില്‍ ഫോണിലൂടെ ആരോടോ വഴി പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു.

വീണ്ടും എന്റെ ഫോണ്‍ ശബ്ദിച്ചു, മറുഭാഗത്ത് സക്കീര്‍ ''അല്‍ഖോറില്‍ പെട്ടുപോയതിനാല്‍ വരാന്‍ പറ്റില്ല.നിങ്ങളുടെ തീരുമാനങ്ങള്‍ എന്തായാലും എനിക്ക് സമ്മതമാണ്''എന്നറിയിച്ചു.

സുനില്‍ ഫോണ്‍ വെച്ചിട്ട് അസ്‌ലമിനെ വിളിച്ചത് സഗീറണോ എന്ന് തിരക്കി.സുനിലിനയാളെ നേരെത്തെ അറിയാം,പക്ഷെ ബ്ലോഗര്‍ എന്ന നിലക്ക് ആദ്യമായാണ്‌.

സമയം 6.55,
അങ്ങിനെ ബിദാപാര്‍ക്കില്‍ വെച്ച് നടത്താന്‍ തീരുമാനിച്ച പ്രഥമ ദോഹാ ബ്ലോഗേഴ്സ് മീറ്റ് കോര്‍ണീഷിലേക്ക് പറിച്ചു നട്ടു.

അപ്പോഴേക്കും അസ്‌ലമും കൂട്ടൂകരായ സലാമും ഇസ്മായിലും എത്തി.പിന്നെ വൈകാതെ ചടങ്ങുകള്‍ ആരംഭിച്ചു.



അസ്‌ലം



സലീമും ഇസ്മായിലും

സമയം 7.10,
ആദ്യം ബ്ലോഗേഴ്സ് സ്വയം പരിചയപ്പെടുത്തല്‍ എന്ന ചടങ്ങ്
ആദ്യം അസ്‌ലമില്‍ തുടങ്ങി എന്നില്‍ അവസാനിച്ചു.
അതിനിടക്ക് മോള്‍ കരഞ്ഞതിനാല്‍ കുറച്ചു സമയം ഞാന്‍ ഈ ചടങ്ങില്‍ നിന്നും വിട്ടുനിന്നു.എന്റെയും രാമേട്ടന്റെയും ഫാമിലിയും ഒരുമിച്ച് അവിടെ അടുത്ത് തന്നെ ഇരിക്കുന്നുണ്ടായിരുന്നു.

സമയം 7.55
പൊതുചര്‍ച്ചയായിരുന്നു
കവി അയ്യപ്പന്‍,ബ്ലോഗിലേക്ക് വീണ്ടും
തിരിച്ചു വന്ന ബാലചന്ദ്രന്‍ ചുളിക്കാട്,കുറുമാന്‍,ബെര്‍ളി,വിശാലമനസ്ക്കന്‍,സാബു,മുള്ളൂര്‍ക്കാരന്‍,നസീര്‍ കടിക്കാട്,കാപ്പിലാന്‍,ദുബായ് കോക്കസ് അങ്ങിനെ തുടങ്ങി പലതിലും തട്ടിയും മുട്ടിയും നീങ്ങി. (ബ്ലോഗ് ലോകത്തെ താപ്പാനകള്‍ മുതല്‍ വെറും പരട്ടകളെപ്പറ്റിപ്പോലും വായിട്ടലച്ച് ആര്‍ക്കും ഒരു പ്രയോജനവുമില്ലാത്ത വിഴുപ്പലക്കലുകള്‍.)

സമയം 8.35
'ഈറ്റില്ലാമീറ്റ്' ആയ പ്രഥമ ഖത്തര്‍ ബ്ലോഗേഴ്സ് മീറ്റ് ബ്ലോഗര്‍മാരുടെ വയറിനെ ബഹുമാനിച്ച് പിരിച്ചുവിട്ടതായി തീരുമാനിച്ച്‌ എല്ലാവരും പിരിഞ്ഞു.

തുടര്‍വായനക്കായി:-

ദോഹ ബ്ലോഗ് മീറ്റ് @ ബൂലോകം ഓണ്‍ലൈന്‍

ദോഹാ ബ്ലോഗേഴ്സ് മീറ്റ്: ഒരു എപ്പിലോഗ്

ദോഹ ബ്ലോഗ് മീറ്റ് 2009

ദോഹയിലെ ‘ഈറ്റില്ലാമീറ്റി‘ന്റെ പടങ്ങള്‍

ദോഹ കടപ്പുറത്ത് ബ്ലോഗര്‍മാര്‍

Sunday, August 16, 2009

പഞ്ചതന്ത്രക്കഥയായ് മാറിയ കുറുക്കന്‍



കുറുക്കന്‍ മുന്തിരിക്കായി
ചാടിനോക്കിയിട്ട് കിട്ടാതെ
വന്നപ്പോള്‍ നേരെ പോയത്
മുന്തിരി കടയിലേക്കായിരുന്നു.
അവിടെ വിലപേശി തെറ്റിയപ്പോള്‍
പോയതോ പഞ്ചതന്ത്രക്കഥയിലേക്കും!