Wednesday, August 11, 2010

ഒരു അത്താഴം മുടക്കിയുടെ കഥ



അലാറം അടിച്ചു,സമയം പുലര്‍ച്ചെ 3.15.അവന്‍ എഴുന്നേറ്റു അലാറം ഓഫാക്കിയ ശേഷം, ബാത്ത്റൂമുലേക്ക് നടന്നു.അപ്പോഴതാ വീണ്ടും അലാറം അടിക്കുന്നു. ഓഫാക്കിയതാണല്ലോ?പിന്നെ എങ്ങിനെ? എന്ന സംശയത്തോടെ നോക്കുമ്പോഴാണ് അവനു മനസില്ലായത്, ആ മൊബൈലിന്റെ ഉടമ ഞാന്‍ അല്ല എന്ന്!അത് ഭാര്യയുടെ ഫോണ്‍ ആണ്. അവന്‍ ഭാര്യയെ നോക്കി അവള്‍ നല്ല ഉറക്കം.അവള്‍ എന്തിനാ ഈ സമയത്ത് അലാറം വെച്ചത്? ഇനി ചിലപ്പോള്‍ തെറ്റിവച്ചതായിരിക്കുമോ? എന്തായാലും അവന്‍ അതും ഓഫാക്കിയശേഷം ബാത്ത്റൂമിലേക്ക് നടന്നു.

പ്രാഥമിക കര്‍മ്മവും പല്ലുതേപ്പും കഴിഞ്ഞു, ഇനി കുളിക്കണം! കുളിക്കുന്നതിനിടക്ക് ലാന്റ്ഫോണ്‍ ശബ്ദിക്കുന്നുണ്ടായിരുന്നു.ആരാണ് ഈ വെളുപ്പാന്‍ കാലത്ത് എന്ന സംശയം തോന്നാതിരുന്നില്ല.എന്തായാലും ഈ ശബ്ദം ഭാര്യയെ ഉണര്‍ത്തിയെന്നു മാത്രം അവനു മനസിലായി. എല്ലാം കഴിഞ്ഞിറങ്ങുമ്പോള്‍ സമയം 3.45.അപ്പോഴേക്കും സുബഹി ബാങ്ക് കൊടുത്തു കഴിഞ്ഞിരുന്നു.

അവനെ കണ്ടപാടെ ഭാര്യയുടെ ഒരു ചോദ്യം "ഇക്കയാണോ അലാറം ഓഫാക്കിയത്'' അവന്‍ “അതെ“ എന്നു പറഞ്ഞു.അപ്പോള്‍ ഭാര്യ"ഞാന്‍ അത്താഴം കഴിക്കാന്‍ വേണ്ടി വെച്ചതാ അത്'' അപ്പോഴാണ് അവനു മുന്‍പുണ്ടായ ആ സംശയത്തിന്റെ ഉത്തരം പിടി കിട്ടിയത്.അവന്‍ ചോദിച്ചു "ആരാ ലാന്റില്‍ വിളിച്ചത്'' ഭാര്യ പറഞ്ഞു "അത് റഹ്മാന്‍ക്കയാണ്''.അടുത്ത ഫ്ലാറ്റില്‍ താമസിക്കുന്ന കക്ഷിയാണ് ഈ റഹ്മാന്‍ക്ക .ഇന്ന് റമദാന്‍ ഒന്നാണല്ലോ?അതിന്നാല്‍ പള്ളിയിലോട്ട് വരുന്നോ എന്നറിയാന്‍ വിളിച്ചതാ കക്ഷി!ആള്‍ എല്ലാ ദിവസവും സുബഹി നമസ്ക്കാരം പള്ളിയില്‍ പോയി നിര്‍വ്വഹിക്കുന്ന കക്ഷിയാണ്.അവന്‍ ഇന്നലെ പറഞ്ഞ പ്രകാരമാണ് കക്ഷി ലാന്റില്‍ വിളിച്ചത്.

ആ കടന്നല്‍ കുത്തിയ മുഖം ഒന്നു തെളിഞ്ഞുകാണാനും,റമദാന്‍ ഒന്നിന്റെ ഈ പ്രഭാതം പ്രദോഷമാകാതിരിക്കാനുമായി അവന്‍ ഒരു പൊടികൈ പ്രയോഗിക്കാന്‍ തീരുമാനിച്ചു.അവന്‍ പറഞ്ഞു "അല്ല അതിപ്പോ വേണമെങ്കില്‍ ചായയോ മറ്റോ കുടിക്കാം,അതിന്നെല്ലാം ഇളവുണ്ട്'' അപ്പോള്‍ ഭാര്യ "ഞാന്‍ ഇളവുകളൊന്നും ചോദിച്ചില്ലല്ലോ?'' ഇതിലൊന്നും ഈ വീക്കം മാറില്ലെന്നറിഞ്ഞ അവന്‍ സമയം കളയാതെ ഡ്രസ്സുമാറ്റി പള്ളിയിലോട്ട് നടന്നു.പതിവിലും സമയം വൈകിയാണ് അവന്‍ പള്ളിയില്‍ നിന്നും മടങ്ങിയത്.വീട്ടിലെത്തിയപ്പോഴേക്കും ഭാര്യ നമസ്ക്കാരവും കഴിഞ്ഞുറക്കമായിരുന്നു.അവന്‍ മിണ്ടാതെ കട്ടിലില്‍ കയറി കിടന്നു.

അവന്‍ രാവിലെ ഏഴുമണിക്ക് എഴുന്നേറ്റ് ജോലിക്കുപോയി.ഇനി രണ്ടുമണിക്കറിയാം അലാറം ഓഫാക്കിയതിന്റെ ബാക്കി പൊല്ലാപ്പുകള്‍!എന്തായാലും അവന്റെ ഈ ഓര്‍മ്മശക്തി പിശകുകൊണ്ട് ഒരു അത്താഴം മുടക്കിയെങ്കിലും ആകാന്‍ കഴിഞ്ഞല്ലോ?