Thursday, October 1, 2009

പ്രഥമ ഖത്തര്‍ ബ്ലോഗേഴ്സ് മീറ്റ് 2009 അഥവാ 'ഈറ്റില്ലാമീറ്റ്'


മീറ്റിന്റെ തലേദിവസം മുതല്‍ ഫോണ്‍ വിളികളുടെ തിരക്കായിരുന്നു ഖത്തറില്‍ ഞാന്‍ കണ്ടെത്തിയ പല ബ്ലോഗര്‍മാരേയും ബന്ധപ്പെടാന്‍ നമ്പര്‍ ഇല്ലാത്തതിനാല്‍ അവരെ കിട്ടാനുള്ള ഏക മാര്‍ഗ്ഗം അവരുടെ ബ്ലോഗുകളില്‍ ഒരു കമേന്റിടുക എന്നതു മാത്രമായിരുന്നു.അങ്ങിനെ കമേന്റിട്ട പതിനൊന്ന് പേരില്‍ ആറുപേര്‍ വിളിച്ചു.ഖത്തറിലാകെയുള്ള മലയാളി ബ്ലോഗേഴ്സ് എന്നുപറയാന്‍ മുപ്പത്തിയഞ്ച് പേര്‍ മാത്രമാണുള്ളത്.

പിന്നെ ഞാന്‍ ഫോണിലൂടെ നേരിട്ട് വിളിച്ച പതിമൂന്ന് പേര്‍, പിന്നെ രാമചന്ദ്രന്‍ വിളിച്ച മൂന്ന് പേര്‍, പിന്നെ ഞാനും രാമചന്ദ്രനും വിളിച്ചിട്ട് കിട്ടാത്തവരും നാട്ടിലുള്ളവരും വേറെ............

നേരം വെളുത്തതുമുതല്‍ ആകെ ഒരു ടെന്‍ഷനായിരുന്നു.വളരെ നല്ല
രാത്രി, വളരെ വൈകി, 11.30 നാണ് രാമേട്ടനെ വിളിച്ചത് എങ്കിലും ആരൊക്കെ വരും എന്നതായിരുന്നു ആ ടെന്‍ഷന്‍, പ്രഥമമീറ്റല്ലേ?

അങ്ങിനെയിരിക്കെ ഒരു മണിക്ക് നജീം വിളിക്കുന്നു

''ഞാനും ജുബിനും സൈലേഷും ഒരുമിച്ചു വരാനിരുന്നതാ, എനിക്ക് അത്യാവശ്യമായി ഓഫീസില്‍ ഒന്ന് പോകണം ഞാന്‍ അവിടെ എത്തിക്കോളാം,സഗീര്‍."

ഓകെ, എന്ന് പറഞ്ഞ് ഫോണ്‍ വെക്കേണ്ട താമസം ജുബിന്‍ വിളിക്കുന്നു.
ഞാന്‍ ജുബിനോട് നജീം പറഞ്ഞ കാര്യം പറഞ്ഞു.മോഹനവുമായിവരാന്‍ പറഞ്ഞ് സൈലേഷിന്റെ ഫോണ്‍ നമ്പര്‍ കൊടുത്തു.

സമയം 4.10, ഒരു മെസേജ്! മാധവികുട്ടിയാണ് മെസേജ് അയച്ചിരിക്കുന്നത്.ഇപ്രാവശ്യം പങ്കെടുക്കുവാന്‍ കഴിയില്ലെന്നും അടുത്ത പ്രാവശ്യം പങ്കെടുക്കാമെന്നുമായിരുന്നു ആ മെസേജ്.

സമയം 4.30, എന്റെ ഫോണിലേക്ക് ഒരു കോള്‍ മറുഭാഗത്ത് രാമചന്ദ്രനാണ്.
''ഹലോ സഗിറേ ഇറങ്ങിയോ''
''ഇല്ല, രാമേട്ടന്‍ എത്തിയോ''
''ഇല്ല, ഞാന്‍ അഞ്ച്, പത്ത് മിനിറ്റിനകം എത്തും''
''ഞാനും ഒരു പത്ത്, പതിനെഞ്ച് മിനിറ്റിനകം അവിടെ എത്താം''
''സുനില്‍ എന്നെ വിളിച്ചിരുന്നു, അവിടെ എത്തിയെന്നും പറഞ്ഞു''
''ഓകെ, എന്നാല്‍ അവിടെവെച്ച് കാണാം''



രാമചന്ദ്രന്‍

4.45 ന്‌ ബിദാപാര്‍ക്കില്‍ ഞാനും ജെസിയും തബൂസും (എന്റെ ഫാമിലിയാണ്!) ലാന്റ് ചെയ്തു അവിടെ ആരെയും കണ്ടില്ല
ഫോണെടുത്തു രാമേട്ടനെ വിളിച്ചു
''ഹലോ രാമേട്ടാ എത്തിയോ''
''എത്തി, ഞങ്ങള്‍ ഇവിടെ കുട്ടികള്‍ സ്ലയിടിംഗ് ചെയ്യുന്ന ഭാഗത്താണ്''
''അത് എവിടെയാണ്''
ഇവിടെ ഒരു ഓലമേഞ്ഞ കടയുണ്ട്''
''പള്ളിയുടെ അടുത്താണോ''
''ങാ,എനിക്ക് പള്ളികാണാം''
''ഞാന്‍ അവിടെയുണ്ട്''
''ഞാന്‍ നിങ്ങളെ കണ്ടു,ഇങ്ങോട്ട് നേരെ നോക്കു എന്നെ കാണാം''
''ഓകെ ഞാന്‍ കണ്ടു, ഞാന്‍ അങ്ങോട്ട്
വരാം''



സഗീര്‍

ആദ്യം എന്നെ വരവേറ്റത് ഒരു ബുള്‍ഗാന്‍ താടിയൊക്കെ വെച്ച് ഒരു ബുജി സ്റ്റൈയിലിലൊരാള്‍!ആള്‍ സ്വയം പരിചയപ്പെടുത്തി ''ഞാന്‍ സുനില്‍...........ശാരദനിലാവ്''
പിന്നെ രാമേട്ടനും കുടുംബവും ആയിരുന്നു എന്റെ അടുത്ത ഊഴം.



സുനില്‍

ആ ചടങ്ങ് അവസാനിക്കാന്‍ ഇടം നല്‍കാതെ എന്റെ ഫോണ്‍ ശബ്ദിച്ചു
മറുഭാഗത്ത് സൈലേഷ് ആണ്.കോളിന്റെ ഉദ്ദേശ്യം വഴി ചോദിച്ചു ഉറപ്പു വരുത്തലായിരുന്നു.

കോള്‍ കട്ട് ചെയ്യേണ്ടതാമസം, ഉടനെ വീണ്ടും ഫോണ്‍ ശബ്ദിക്കുന്നു.
മറുഭാഗത്ത് മുരളിയാണ്''ഞാന്‍ വരുന്ന വഴിയിലാണ് ഒരു പത്ത് പതിനെഞ്ച് മിനിറ്റിനകം അവിടെയെത്താം.

ഫോണ്‍ കട്ടുചെയ്ത് മീറ്റിനു ക്ഷണിച്ചവരെ പറ്റി പറഞ്ഞ് തുടങ്ങുമ്പോഴേക്കും
രാമേട്ടന്റെ ഫോണ്‍ ശബ്ദിച്ചു മറുഭാഗത്ത് ശ്രദ്ധേയന്‍.ആള്‍ പാര്‍ക്കിലെത്തിയെന്നും ശരിയായ സ്ഥലം എവിടെയെന്ന് മനസിലാക്കുക എന്നതായിരുന്നു ആ കോളിന്റെയും ഉദ്ദേശ്യം.


രാമേട്ടന്‍ ആരെയൊക്കെവിളിച്ചു എന്നു ചോദിച്ചതിനു മറുപടിയായി ഞാന്‍ പറഞ്ഞു ''പത്തിരുപതുപേരെ വിളിച്ചിട്ടുണ്ട് ആരൊക്കെവരും എന്ന് നിശ്ചയമില്ല''

അപ്പോഴേക്കും മോഹനത്തിന്റെ കോള്‍ വീണ്ടും വന്നു ''ഞങ്ങള്‍ പാര്‍ക്കിലെത്തി എന്നറിയിച്ചുകൊണ്ടുള്ള കോള്‍ ആയിരുന്നു അത്.

കുറച്ചു കഴിഞ്ഞില്ല അപ്പോഴേക്കും ജുബിന്‍ വിളിക്കുന്നു.മോഹനത്തിനു വീണ്ടും സ്ഥലത്തെകുറിച്ച് പ്രശ്നം!

സ്ഥലമൊരിക്കല്‍കൂടി പറഞ്ഞ് ഫോണ്‍ വെച്ചു.

അപ്പോഴേക്കും മുരളിയും ഗുല്‍സാറും എത്തി.പരിചയപ്പെട്ടു ഗുല്‍സാര്‍ ഉടന്‍ പള്ളിയിലോട്ട് പോയി.



മുരളി



ഗുല്‍‌സാര്‍

എന്നിട്ടും ജുബിനെ കാണാതായപ്പോള്‍ ഞാന്‍ അങ്ങോട്ട് വിളിച്ചു കാര്യം തിരക്കി
ജുബിന്‍''പാര്‍ക്കില്‍ കൊടികള്‍ വെച്ചിരിക്കുന്നതിനടുത്തുണ്ട് ഞങ്ങള്‍''
'സമാധാനമായി'
ഞാന്‍''അതിനടുത്ത് കുട്ടികള്‍ സ്ലയിടിംഗ് ചെയ്യുന്ന ഭാഗത്തിനടുത്തുണ്ട് ഞങ്ങള്‍''

പിന്നീട് ഞാന്‍ കിരണിനെ വിളിച്ചു.അപ്പോള്‍ കിരണ്‍ ചോദിക്കുന്നു''ഇന്നാണോ കൂടുന്നത്, ഞാന്‍ കരുതി മാറ്റിവെച്ചിരിക്കുമെന്ന്''
ഞാന്‍''അതെങ്ങിനെയാ അങ്ങിനെ വല്ലതുമുണ്ടെങ്കില്‍ ഞാന്‍ അറിയിക്കില്ലേ''
കിരണ്‍''ഞാന്‍ പ്ലാന്‍ ചെയ്തില്ല,ഓകെ ഞാന്‍ തനിയെ വരാം ഫാമിലിയുമായി പിന്നീടാവാം,ദ ഒരു പത്തിരുപത് മിനിറ്റ്''
ഞാന്‍''ഓകെ''

അപ്പോഴേക്കും ഷെഫീക്ക് (ശ്രദ്ധേയന്‍) എത്തി.ആളെകുറിച്ച് രാമേട്ടന്‍ ഒരു ബ്രീഫ് തന്നിരുന്നു അതിനാല്‍ പരിചയപ്പെടല്‍ എളുപ്പമായി.



ശ്രദ്ധേയന്‍

അപ്പോഴേക്കും സൈലേഷും (മോഹനം) ജുബിനുമെത്തി.



മോഹനം



ജുബിന്‍

വിണ്ടും ഫോണ്‍ മറുഭാഗത്ത് ഹാരിസ്''സഗീര്‍ എവിടെയാണ്''
ഞാന്‍''അല്‍ ബിദാ ഇന്ററ്റ്ചെയ്ഞ്ച് എന്നെഴുതിയീട്ടുള്ള റൌണ്ട് എബോര്‍ട്ടിനു സമീപം പാര്‍ക്കിലുള്ള പള്ളിയുടെ അടുത്തുണ്ട് ഞങ്ങള്‍''
ഹാരിസ്''ഓകെ ഞാന്‍ ഇപ്പുറത്താണുള്ളത് വണ്ടി പാര്‍ക്ക് ചെയ്തിട്ടങ്ങോട്ട് വരാം''

സമയം 5.35, പള്ളിയില്‍ മഗ്രിബ് ബാങ്ക് വിളിക്കുന്നു.

കുറച്ചു കഴിഞ്ഞ് ഹാരിസുമെത്തി.അപ്പോഴേക്കും പള്ളിയില്‍ ഇഖാമത്ത് കൊടുത്തു.



ഹാരിസ്

പരിചയപ്പെട്ടുവെങ്കിലും വിശദമായി പരിചയപ്പെടല്‍ നമസ്ക്കാരത്തിനുശേഷമാകാം എന്ന് പറഞ്ഞ്, ഹാരിസ്സ് പള്ളിയിലേക്ക് നടന്നു പിറകെ ഷെഫീക്കും ഞാനും പള്ളിയിലേക്ക് നീങ്ങി.

സമയം 5.45, പള്ളി കഴിഞ്ഞ് മോബ് ഓണ്‍ചെയ്യലും കിരണ്‍ വിളിച്ചു''സഗീര്‍, എവിടെയാണ്''

ഞാന്‍''കഴിഞ്ഞവര്‍ഷത്തെ 'ദോഹാകൂട്ട'ത്തിന്റെ ഇഫ്ത്താര്‍ നടത്തിയ അതേ സ്ഥലം തന്നെ''
കിരണ്‍'' ഓകെ, ഞാന്‍ ഇതാ എത്തി''

കിരണ്‍ കൂടിയെത്തിയപ്പോഴേക്കും അംഗസംഖ്യ ഒമ്പതിലെത്തി''



കിരണ്‍

ഇതിനിടയ്ക്ക് ഞാന്‍ നാദിറിനെ വിളിച്ചു''ഹലോ എവിടെയാണ്''
നാദിര്‍''നിങ്ങള്‍ തുടങ്ങിക്കോളൂ, ഞാന്‍ അവിടെയെത്താം,ഞാന്‍ കുറച്ചു ദൂരെയാണ്''
ഞാന്‍''ഡി ഐ ഡി (ഡാഫോഡില്‍സ് ഇന്‍ ഡിസെര്‍ട്ട് ഒരു ഓണ്‍ലൈന്‍ കൂട്ടായ്മയാണ്‌) മീറ്റാണെങ്കില്‍ നേരെത്തെയെത്തുമല്ലോ''
മറുപടി ഒരു ചിരിയായിരുന്നു.

നജീമിനെ വിളിയ്ക്കാന്‍ ശ്രമിച്ചപ്പോഴൊക്കെയും, ഫോണ്‍ സ്വിച്ചോഫായിരുന്നു (അപ്പോള്‍ മാത്രമാണ് എനിക്ക് ആ ഒരു മണിയ്ക്കുള്ള കോളിന്റെ യാഥാര്‍ത്ഥ്യം മനസ്സിലായത്)

ഫോണ്‍ വീണ്ടും ശബ്ദിക്കുന്നു.മറുഭാഗത്ത് അസ്‌ലമാണ്.ഉദ്ദേശ്യം സ്ഥലം മനസിലാക്കല്‍ തന്നെ!മറുപടി നല്‍കി ഫോണ്‍ വെച്ചു.

അപ്പോഴേക്കും അവിടെ ഒരു മലയാളി സെക്യൂരിറ്റി ഗാര്‍ഡ് എത്തി, മറ്റുള്ളവരോട് എന്തോ പറയുന്നു.കാര്യം തിരക്കിയപ്പോള്‍ ഈദിന്റെ ഒഴിവുദിനങ്ങളില്‍ ഫാമിലിയ്ക്ക് മാത്രമാണ് ഈ പാര്‍ക്ക് സംവരണം ചെയ്തിരിക്കുന്നത്, അതിന്നാല്‍ ഫാമിലിയില്ലാത്തവര്‍ ഒഴിഞ്ഞുപോകണം എന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.അങ്ങിനെ ഞങ്ങള്‍ അവിടെനിന്നും കൂട്ടത്തോ മാര്‍ച്ച് ചെയ്തു കോര്‍ണീഷിലേക്ക്..........

അപ്പോള്‍ സുനില്‍ ഫോണിലൂടെ ആരോടോ വഴി പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു.

വീണ്ടും എന്റെ ഫോണ്‍ ശബ്ദിച്ചു, മറുഭാഗത്ത് സക്കീര്‍ ''അല്‍ഖോറില്‍ പെട്ടുപോയതിനാല്‍ വരാന്‍ പറ്റില്ല.നിങ്ങളുടെ തീരുമാനങ്ങള്‍ എന്തായാലും എനിക്ക് സമ്മതമാണ്''എന്നറിയിച്ചു.

സുനില്‍ ഫോണ്‍ വെച്ചിട്ട് അസ്‌ലമിനെ വിളിച്ചത് സഗീറണോ എന്ന് തിരക്കി.സുനിലിനയാളെ നേരെത്തെ അറിയാം,പക്ഷെ ബ്ലോഗര്‍ എന്ന നിലക്ക് ആദ്യമായാണ്‌.

സമയം 6.55,
അങ്ങിനെ ബിദാപാര്‍ക്കില്‍ വെച്ച് നടത്താന്‍ തീരുമാനിച്ച പ്രഥമ ദോഹാ ബ്ലോഗേഴ്സ് മീറ്റ് കോര്‍ണീഷിലേക്ക് പറിച്ചു നട്ടു.

അപ്പോഴേക്കും അസ്‌ലമും കൂട്ടൂകരായ സലാമും ഇസ്മായിലും എത്തി.പിന്നെ വൈകാതെ ചടങ്ങുകള്‍ ആരംഭിച്ചു.



അസ്‌ലം



സലീമും ഇസ്മായിലും

സമയം 7.10,
ആദ്യം ബ്ലോഗേഴ്സ് സ്വയം പരിചയപ്പെടുത്തല്‍ എന്ന ചടങ്ങ്
ആദ്യം അസ്‌ലമില്‍ തുടങ്ങി എന്നില്‍ അവസാനിച്ചു.
അതിനിടക്ക് മോള്‍ കരഞ്ഞതിനാല്‍ കുറച്ചു സമയം ഞാന്‍ ഈ ചടങ്ങില്‍ നിന്നും വിട്ടുനിന്നു.എന്റെയും രാമേട്ടന്റെയും ഫാമിലിയും ഒരുമിച്ച് അവിടെ അടുത്ത് തന്നെ ഇരിക്കുന്നുണ്ടായിരുന്നു.

സമയം 7.55
പൊതുചര്‍ച്ചയായിരുന്നു
കവി അയ്യപ്പന്‍,ബ്ലോഗിലേക്ക് വീണ്ടും
തിരിച്ചു വന്ന ബാലചന്ദ്രന്‍ ചുളിക്കാട്,കുറുമാന്‍,ബെര്‍ളി,വിശാലമനസ്ക്കന്‍,സാബു,മുള്ളൂര്‍ക്കാരന്‍,നസീര്‍ കടിക്കാട്,കാപ്പിലാന്‍,ദുബായ് കോക്കസ് അങ്ങിനെ തുടങ്ങി പലതിലും തട്ടിയും മുട്ടിയും നീങ്ങി. (ബ്ലോഗ് ലോകത്തെ താപ്പാനകള്‍ മുതല്‍ വെറും പരട്ടകളെപ്പറ്റിപ്പോലും വായിട്ടലച്ച് ആര്‍ക്കും ഒരു പ്രയോജനവുമില്ലാത്ത വിഴുപ്പലക്കലുകള്‍.)

സമയം 8.35
'ഈറ്റില്ലാമീറ്റ്' ആയ പ്രഥമ ഖത്തര്‍ ബ്ലോഗേഴ്സ് മീറ്റ് ബ്ലോഗര്‍മാരുടെ വയറിനെ ബഹുമാനിച്ച് പിരിച്ചുവിട്ടതായി തീരുമാനിച്ച്‌ എല്ലാവരും പിരിഞ്ഞു.

തുടര്‍വായനക്കായി:-

ദോഹ ബ്ലോഗ് മീറ്റ് @ ബൂലോകം ഓണ്‍ലൈന്‍

ദോഹാ ബ്ലോഗേഴ്സ് മീറ്റ്: ഒരു എപ്പിലോഗ്

ദോഹ ബ്ലോഗ് മീറ്റ് 2009

ദോഹയിലെ ‘ഈറ്റില്ലാമീറ്റി‘ന്റെ പടങ്ങള്‍

ദോഹ കടപ്പുറത്ത് ബ്ലോഗര്‍മാര്‍

Sunday, August 16, 2009

പഞ്ചതന്ത്രക്കഥയായ് മാറിയ കുറുക്കന്‍



കുറുക്കന്‍ മുന്തിരിക്കായി
ചാടിനോക്കിയിട്ട് കിട്ടാതെ
വന്നപ്പോള്‍ നേരെ പോയത്
മുന്തിരി കടയിലേക്കായിരുന്നു.
അവിടെ വിലപേശി തെറ്റിയപ്പോള്‍
പോയതോ പഞ്ചതന്ത്രക്കഥയിലേക്കും!

Saturday, August 15, 2009

രുചിപുത്ര



വരരുചിയുടെ പുത്രന്‍ നാറാണത്ത്‌ വന്നു താമസമാക്കി ആളുകള്‍ ആയാളെ ‘രുചിപുത്ര‘നെന്നു വിളിക്കാന്‍ തുടങ്ങി.

രുചിപുത്രന്‍ മന്തുകാലുവെച്ച് പാറകള്‍ ഉരുട്ടി മലമുകളില്‍ കയറ്റാനും അവിടെ നിന്ന് താഴേക്കിടാനും കൈക്കൊട്ടി ചിരിക്കാനും തുടങ്ങി.ഇതു കണ്ട്‌ നാറാണത്തുവാസികള്‍ ഇയാള്‍ക്ക് ഭ്രാന്താണെന്ന് ധരിച്ചു.അങ്ങിനെ അവര്‍ അയാളെ ‘നാറാണത്തുഭ്രാന്ത‘നെന്നു വിളിച്ചു.ഇതുകേട്ട് അയാള്‍ കൂടുതല്‍ പൊട്ടിച്ചിരിച്ചു.

'പറയിപെറ്റ പന്തിരു കുലത്തിലെ' മുഖ്യന്റെ ചിരി, കാലത്തിന്റെ ചിരി, നിഷ്‌കളങ്കതയുടെ ചിരി.......

Wednesday, August 12, 2009

സ്വര്‍ണ്ണം



ഒരിക്കല്‍ സ്വര്‍ണ്ണമെന്നോട് ചോദിച്ചു
“അഗ്നിയില്‍ ഉരുകിയ എന്നില്‍ നീ
കാണുന്നത് എന്റെ മാറ്റോ
അതോ എന്റെ ദു:ഖമോ”
ഒന്നും പറയാതെ
ഞാനാജ്വല്ലറിയില്‍ നിന്ന്
ഇറങ്ങി നടന്നു.

Friday, April 10, 2009

കുരിശിലേറ്റിയതിന്‍റെ മൂന്നാം നാള്‍



യേശുദേവന്‍ ഉയര്‍ത്തെഴുന്നേറ്റതിന്‍റെ സ്മരണ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഈസ്റ്റര്‍ ആഘോഷിക്കുന്ന ഈ അവസരത്തില്‍ നമുക്ക് അതിന്റെ ചരിത്രത്തിലേക്ക് ഒന്ന് കടന്നു ചെല്ലാം.

കുരിശിലേറ്റിയതിന്‍റെ മൂന്നാം നാള്‍ കല്ലറയില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റതിന്‍റെ സ്മരണ പുതുക്കിയാണ് ഉയിര്‍പ്പു തിരുന്നാള്‍ ആഘോഷിക്കുന്നത്.

പ്രത്യാശയുടെ ഉത്സവമാണ് ഈസ്റ്റര്‍. ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റതിന്‍റെ പ്രതീകാത്മകമായ അവതരണങ്ങളാണ് ദേവാലയങ്ങളില്‍ നടക്കുന്നത്. മിക്കവാറും ദേവാലയങ്ങളില്‍ രാവിലെ ഒന്നരയ്ക്കും മൂന്നരയ്ക്കും ഇടയിലാണ് ഉയര്‍ത്തെഴുന്നേല്പ് ചടങ്ങുകള്‍ നടന്നത്.

ചരിത്രവും മിത്തും ഇഴപിരിഞ്ഞു കിടക്കുന്ന ഈസ്റ്റര്‍, ക്രിസ്ത്യന്‍ - ആംഗ്ളോ - സാക്സന്‍ - ഹീബ്രു പരമ്പര്യങ്ങളുടെ തുടര്‍ച്ചയാണ്. ആംഗ്ളോ - സാക്സന്‍ ജനതയുടെ വസന്തകാല ദേവതയായ ഇയോസ്റ്ററിലാണ് ചരിത്രപണ്ഡിതര്‍ ഈസ്റ്ററിന്‍റെ ആദിമ മിത്ത് കണ്ടെത്തുന്നത്.

ഏപ്രില്‍ മാസ ദേവതയായ ഇയോസ്റ്ററാണ് തങ്ങള്‍ക്ക് സര്‍വൈശ്വര്യങ്ങളും വസന്തക്കാലവും സമ്മാനിക്കുന്നതെന്ന് ആഗ്ളോ സാക്സന്‍ ജനത വിശ്വസിച്ചുപോരുന്നു. ക്രിസ്തുവിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പു നടന്നതും ഈ വസന്തകാലത്തു തന്നെയായിരുന്നു. മതപ്രചാരണത്തിനായി അവിടെയെത്തിയ ക്രിസ്ത്യന്‍ മിഷണറിമാര്‍ ഈസ്റ്ററിനെ ക്രിസ്തുമതത്തിലേക്കു സ്വാഗതം ചെയ്യുകയായിരുന്നു എന്നാണ് ചരിത്രം പറയുന്നത്.

ആദ്യകാലങ്ങളില്‍ ഇന്നത്തെപ്പോലെ ഞായറാഴ്ച്ചകളിലായിരുന്നില്ല ഈസ്റ്റര്‍ ആഘോഷിച്ചിരുന്നത്. ക്രിസ്തുമതം സ്വീകരിച്ച റോമന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റാന്‍റിന്‍ ആണത്രേ എ.ഡി. 325 ല്‍ ഈസ്റ്റര്‍ ആഘോഷം വസന്തകാലത്തെ പൂര്‍ണ്ണ ചന്ദ്രനു ശേഷം വരുന്ന ഞായറാഴ്ചയായി തീരുമാനിച്ചത്.

മത പരിവര്‍ത്തനത്തിനായി അവരുടെ മണ്ണില്‍ കാലു കുത്തിയ ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കാകട്ടെ രൂഢമൂലമായിക്കഴിഞ്ഞ ഈ മിത്തിനെ മാമ്മോദീസാ മുക്കി ക്രിസ്തുമതത്തിലേക്ക് സ്വീകരിക്കുകയേ നിവര്‍ത്തിയുണ്ടായിരുന്നുള്ളൂ. ക്രിസ്തുവിന്‍റ്റെ പുനരുദ്ധാരണം നടന്നത് വസന്തകാലത്തായിരുന്നുവെന്നത് ഇതിനെ എളുപ്പമാക്കി.

Monday, January 5, 2009

താഴോട്ട് നോക്കിയവര്‍



ഞാന്‍ വളരെ ചെറുപ്പത്തില്‍ വായിച്ച ഒരു കഥയാണിത്

ഇത് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നതുമായ ഒരു കഥയുമാണ്.

ഈ കഥ എന്റെ ജീവിതത്തില്‍ വളരെ ഗുണം ചെയ്തിട്ടുണ്ട്.ഒരു പക്ഷെ നിങ്ങള്‍ക്കും!

ഇനിയും ആര്‍ക്കെങ്കിലും ഉപകാരം കിട്ടിയാലോ?

അതിനായി ഒരിക്കല്‍ കൂടി ഞാന്‍ ഈ കഥ ഇവിടെ പറയട്ടെ

അമേരിക്കന്‍ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കന്റെ ബാല്യകാലം ദാരിദ്യ്രവും യാതനയും നിറഞ്ഞതായിരുന്നു. മരപ്പണിക്കാരനായ അച്ഛന്റെയും തയ്യല്‍ക്കാരിയായിരുന്ന അമ്മയുടെയും വരുമാനം കൊണ്ട് കുടുംബം പുലര്‍ത്താന്‍ ബുദ്ധിമുട്ടിയിരുന്ന കാലം.

കീറിയ ഉടുപ്പും ധരിച്ച് സ്കൂളിലെത്തിയിരുന്ന ലിങ്കനെ എതിരേറ്റിരുന്നത് കൂട്ടുകാരുടെ കളിയാക്കലുകളും പരിഹാസവുമായിരുന്നു. തന്റെ അവസ്ഥയില്‍ മനംനൊന്ത ലിങ്കന്‍ സഹികെട്ട് ഒരു ദിവസം അമ്മയോട് ചോദിച്ചു

“അമ്മേ എനിക്ക് ഒരു ഉടുപ്പ് വാങ്ങിത്തരാമോ“

മകന് നല്ല ഉടുപ്പ് വാങ്ങിക്കൊടുത്ത് സ്കൂളില്‍ അയക്കണമെന്ന് മനസില്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിനാവുന്നില്ലല്ലോ എന്നോര്‍ത്തപ്പോള്‍ ആ അമ്മയുടെ ഉള്ളില്‍ ദുഃഖം നിറഞ്ഞു. എങ്കിലും അതൊന്നും പുറത്തുകാട്ടാതെ മകനെ മാറോട് ചേര്‍ത്തു പിടിച്ചുകൊണ്ട് ആ അമ്മ പറഞ്ഞു

“മോനെ അച്ഛനും അമ്മയ്ക്കും അതിനുള്ള ശേഷിയില്ലെന്ന് അറിയാമല്ലോ. നമ്മുടെ അവസ്ഥ മനസിലാക്കി വേണം നാം ജീവിക്കാന്‍. അതിന് ആത്മവിശ്വാസവും ആത്മാഭിമാനവും നമുക്കുണ്ടായിരിക്കണം. അവയുണ്ടെങ്കില്‍ ഏതവസ്ഥയില്‍ നിന്നും ഉയര്‍ന്ന് ഭാവിയില്‍ വലിയവനാകാന്‍ സാധിക്കും“

അമ്മയുടെ ആ വാക്കുകള്‍ ലിങ്കന്റെ മനസില്‍ ആത്മവിശ്വാസം നിറയ്ക്കാന്‍ പര്യാപ്തമായിരുന്നു. താന്‍ ആയിരിക്കുന്ന അവസ്ഥയെ പഴിക്കാതെ അതിനോട് പൊരുത്തപ്പെട്ടുകൊണ്ട് ജീവിതത്തില്‍ പടിപടിയായി ഉയരാന്‍ ലിങ്കന് കഴിഞ്ഞത് ഈയൊരു മനോഭാവം ചെറുപ്പത്തില്‍ തന്നെ വളര്‍ത്തിയെടുക്കാന്‍ സാധിച്ചതുകൊണ്ടാണെന്ന് തുടര്‍ന്നുള്ള ജീവചരിത്രം വായിച്ചാല്‍ നമുക്ക് മനസിലാകും.

പിന്‍മൊഴി:ഉയരത്തിലേക്ക് നോക്കി താരതമ്യപ്പെടുത്തുന്നതിന് പകരം നമുക്ക് ചുറ്റും നോക്കാനും നമ്മുടെ താഴേക്കു കൂടി നോക്കാനും പരിശ്രമിക്കുക എന്നതാണ്. നമുക്ക് ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങളോ കഴിവുകളോ സൌകര്യങ്ങളോ ഒന്നുമില്ലാത്ത അനേകരെ നമുക്കും ചുറ്റും നമുക്ക് താഴെയുമായി കാണാന്‍ സാധിക്കും.

Saturday, September 20, 2008

ധര്‍മ്മപ്പെട്ടി



കഥ:ധര്‍മ്മപ്പെട്ടി*

രചന:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍.

ചിത്രം:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍.

ധര്‍മ്മപ്പെട്ടിയില്‍ ഭക്തന്മാര്‍ ദിവസവും
പണമിട്ടുകൊണ്ടിരുന്നു.

ഒരിക്കലും ഈ പണം ദൈവത്തിനു
വേണ്ടി ആരും ഉപയോഗിച്ചില്ല!

ദൈവമൊരു പരാതി സര്‍ക്കാരിനയച്ചു!

സര്‍ക്കര്‍ പ്രധാന മൂന്ന് മതത്തിന്റെ
മേലാധ്യക്ഷന്മാരെ ചര്‍ച്ചക്കു ക്ഷണിച്ചു!

ദൈവത്തിന്റെ പരാതി അവരെ കേള്‍പ്പിച്ചു.

ഇതുകേട്ട ഒന്നാമത്തെ മതത്തിന്റെ
മേലധ്യക്ഷന്‍ പറഞ്ഞു

ധര്‍മ്മപ്പെട്ടി തുറന്നു കഴിഞ്ഞാല്‍
ഒരു വൃത്തം വരക്കുക,തുടര്‍ന്ന്
ഓരോ നാണയം മുകളിലെക്കെറിയുക
വൃത്തത്തില്‍ വീഴുന്നവ ദൈവത്തിനും
പുറത്തു വീഴുന്നവ നമ്മള്‍ക്കും!

ഇതുകേട്ട രണ്ടാമത്തെ മതത്തിന്റെ
മേലധ്യക്ഷന്‍ പറഞ്ഞു

ധര്‍മ്മപ്പെട്ടി തുറന്നു കഴിഞ്ഞാല്‍
ഒരു രേഖ വരക്കുക,തുടര്‍ന്ന്
ഓരോ നാണയം മുകളിലെക്കെറിയുക
വലത്തു വീഴുന്നവ ദൈവത്തിനും
ഇടത്തു വീഴുന്നവ നമ്മള്‍ക്കും!

ഇതുകേട്ട മൂന്നാമത്തെ മതത്തിന്റെ
മേലധ്യക്ഷന്‍ പറഞ്ഞു

രണ്ടും സ്വീകാര്യമല്ല കാരണം
നാണയം മുകളിലോട്ട്‌ ചുഴറ്റുമ്പോള്‍
കൈകള്‍ വളയുകയും തിരിയുകയും
ചെയ്യും അതിന്നാല്‍ ദൈവത്തിനു
പണമൊന്നും കിട്ടുവാന്‍ വഴിയില്ല
അതിന്നാല്‍ ഞാന്‍ ഒരു നേര്‍വഴി പറയാം

നേര്‍വഴി കേള്‍ക്കാന്‍ എല്ലാവരും
കണ്മിഴിച്ചിരുന്നു!

നേര്‍വഴി ഇപ്രകാരമായിരുന്നു

നാണയം മുകളിലോട്ട്‌ എറിയുമ്പോള്‍
സ്വര്‍ഗത്തിലെത്തുന്നത്‌ ദൈവത്തിനും
ഭൂമിയിലെത്തുന്നത്‌ നമ്മള്‍ക്കും!

*ഒരു നാടോടി കഥയുടെ പുന:രാവിഷ്കാരം

Friday, August 29, 2008

ദാനം വരുത്തിയ വിന



കഥ:ദാനം വരുത്തിയ വിന

രചന:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍.

ചിത്രം:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍.

സ്റ്റീഫന്‍ സുന്ദരനായ ഒരു ചെറുപ്പക്കാരന്നായിരുന്നു.
പക്ഷേ അവനു കണ്ണുകള്‍ കാണാന്‍ പറ്റില്ലായിരുന്നു.
എന്നാലും അവനു സുന്ദരിയായ ഒരു കാമുകിയുണ്ടായിരുന്നു
എന്നും വൈകുമ്ന്നേരങ്ങളില്‍ ഇവര്‍ അവരുടെ വീടിനടുത്തുള്ള പാര്‍ക്കില്‍ ഒത്തുചേരുമായിരുന്നു.
അപ്പോഴൊക്കെ സ്റ്റീഫന്‍ കാത്തിയോട്‌ പറയുമായിരുന്നു
"എനിക്കു കണ്ണുകാണുമായിരുന്നെങ്കില്‍, ഞാന്‍ നിന്നെ കല്യാണം കഴിക്കുമായിരുന്നു"
കുറച്ചു നാളുകള്‍ക്കു ശേഷം ആരോ സ്റ്റീഫനു കണ്ണുകള്‍ ദാനം ചെയ്തു.
അങ്ങിനെ അവന്‍ തന്റെ കാമുകിയായ കാത്തിയെ കണ്ടു.
സ്റ്റീഫന്‍ കാത്തിയെ കണ്ടു ഞെട്ടിപ്പോയ്‌ 'അവള്‍ക്കു കണ്ണുകള്‍ ഇല്ലായിരുന്നു'
കുറച്ചു ദിവസങ്ങള്‍ക്കു ശേഷം കാത്തി പറഞ്ഞു സ്റ്റീഫനോട്‌"ഇനി എന്നെ കല്ല്യാണം കഴിച്ചു കൂടെ"
കുറച്ചു സമയം ചിന്തിച്ച ശേഷം സ്റ്റീഫന്‍ പറഞ്ഞു
"എനിക്കു നിന്നെ കല്ല്യാണം കഴിക്കാന്‍ സാധ്യമല്ല കാരണം നിനക്കു കണ്ണുകള്‍ ഇല്ലല്ലോ"
കാത്തി ഒന്നും മിണ്ടാതെ സ്റ്റീഫന്റെ അരികില്‍ നിന്നും എഴുന്നേറ്റു.
പിന്നെ അവള്‍ മെല്ലെ സ്ട്ടീഫനോടു പറഞ്ഞു"എന്റെ കണ്ണുകള്‍ ശ്രദ്ധിച്ചുപയോഗിക്കുക"
ഇത്രയും പറഞ്ഞു കൊണ്ട്‌ കാത്തി സ്റ്റീഫനില്‍ നിന്നും നടന്നകന്നു.

Sunday, August 3, 2008

കടല്‍ കാണാന്‍



കഥ:കടല്‍ കാണാന്‍.

രചന:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍.

ചിത്രം:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍.

എട്ടാം ക്ലാസ്സിലെ ബാക്ക്‌ ബഞ്ചിലെ റോയിയും,സണ്ണിയും,ജോസഫും,മാത്യൂസും പിന്നെ ഞാനും ക്ലാസ്സിലെന്നല്ല സ്ക്കൂളിലൂം പേരുകേട്ടവരായിരുന്നു.
ആരുകണ്ടാലും പറയുക തലതെറിച്ച പിള്ളേരെന്നാണ്‌.

മിക്ക ദിവസങ്ങളിലും ക്ലാസില്‍ ആദ്യ പിരീടൊഴിച്ച്‌ മറ്റെല്ലാപിരീടും പുറത്തായിരിക്കും.ആദ്യപിരീടില്‍ തന്നെ ക്ലാസില്‍ കാണുന്നത്‌ ഹാജറിനു വേണ്ടി മാത്രമാണ്‌.

അങ്ങിനെ ഒരു ദിവസം കടല്‍ കാണാന്‍ പരിപാടിയിട്ടു ക്ലാസും കട്ടുചെയ്തു കടപ്പുറത്തെത്തി.ഞങ്ങള്‍ അഞ്ചുപേരും ഷര്‍ട്ടും ടൗസറും ഊരിവെച്ചു.പറന്നു പോവാതിരിക്കാന്‍ അതിനിമുകളിലായി ഞങ്ങളുടെ പുസ്തകവും വെച്ചു.

കടലിലേക്ക്‌ ഓടിയിറങ്ങി,കുളിക്കാന്‍ തുടങ്ങി.കുളിച്ചു സമയം പോയാതറിഞ്ഞില്ല. അസ്സര്‍ ബാങ്കുവിളിച്ചപ്പോഴാണ്‌.സ്ക്കൂള്‍ വിടാനുള്ളസമയമായി എന്നോര്‍മ്മവന്നത്‌.

അങ്ങിനെ കടലില്‍നിന്നും കയറിയശേഷം ഷര്‍ട്ടും ടൗസറും എടുക്കാനായ്‌ ഞാന്‍ പുസ്തകമെടുത്തപ്പോള്‍ കാറ്റത്ത്‌ ഷര്‍ട്ടുകളും ടൗസറുകളും പറന്നു പോയ്‌.അതെടുക്കാനായ്‌ റോയിയും,
സണ്ണിയും,ജോസഫും,മാത്യൂസും ഓടി.

പുസ്തകം കയ്യിലുണ്ടായിരുന്ന ഞാന്‍ അതു താഴെവെച്ചു ഓടാന്‍ നോക്കുമ്പോള്‍ ഷര്‍ട്ടുകാണാനില്ലായിരുന്നു ടൗസറുകണ്ടു അതോടിച്ചെന്നെടുക്കുകയും ചെയ്തു.അവിടെയെല്ലാം തിരഞ്ഞിട്ടു കാണാനില്ലാത്തതിഞ്ഞാല്‍ ആകെ പരിഭ്രമിച്ചു.ഒപ്പം പേടിയും.ഷര്‍ട്ടിലാതെ എങ്ങിനെ വീട്ടില്‍ പോവും എന്നതായിരുന്നു ആകെയുള്ള പ്രശ്നം.

ആകെയിള്ള രണ്ടു ഷര്‍ട്ടില്‍ ഒന്നാണു കാണാതയിരിക്കുന്നത്‌.
റോയിയും,സണ്ണിയും,ജോസഫും,മാത്യൂസും തിരിച്ചു പോവാന്‍ തിരക്കുകൂട്ടുന്നു.അവരും കൂടെ തിരയുന്നുണ്ടായിരുന്നു പൂഴിയും പച്ചപടര്‍പ്പും കഴിഞ്ഞു കാറ്റാടിമരങ്ങളും കഴിഞ്ഞു ഇനി നോക്കാനുള്ളത്‌ നോക്കെത്താദൂരത്തു പരന്നു കിടക്കുന്ന തെങ്ങിന്‍ കൂട്ടങ്ങള്‍ക്കിടയിലാണ്‌.അവിടെയും ഒന്നുതിരയാന്‍ തീരുമാനിച്ചു.തിരച്ചില്‍ തുടങ്ങിയീട്ടു സമയം ഏകദേശം ഒരുമണികൂറെങ്കിലുമായികാണും.സൂര്യന്‍ കടലിനോടൂചേര്‍ന്നുവരുന്നു ഒപ്പം ഇരുട്ടും.പിന്നെ തളര്‍ച്ചയും ഉച്ചക്കാണെങ്കില്‍ ഒന്നും കഴിച്ചതുമില്ല കടലില്‍ തന്നെയായിരുന്നു.

അങ്ങിനെ തളന്നു കടപുഴകികിടക്കുന്ന ഒരു തെങ്ങിന്‍ പെറ്റയില്‍ ലേശം നേരമിരിക്കാം എന്നുകരുതി അടുത്തുചെന്നപ്പോള്‍ അതാ ആ കുഴിയില്‍ തിരിഞ്ഞു നടന്ന ഷര്‍ട്ട്‌ കിടക്കുന്നു.അതുകിട്ടിയപ്പോഴുണ്ടായ സന്തോഷം പറയാന്‍ പറ്റാത്തതിയിരുന്നു.

അന്നത്തോടെ ക്ലാസു കട്ടുചെയ്തു കടല്‍ കാണണമെന്ന പൂതി ഇല്ലാതാവുകയായിരുന്നു.

Thursday, July 17, 2008

"ടാ ശവ്യേ അത്‌ പൊട്ടോടാ"



ചെറുകഥ:"ടാ ശവ്യേ അത്‌ പൊട്ടോടാ"

രചന:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍

പണ്ട്‌ എന്റെ ചെറുപ്പത്തില്‍ ഞാന്‍ കേട്ടൊരു സംഭവ കഥയാണിത്‌.

പണ്ട്‌ ത്യശൂരിലെ ആറിയപ്പെടുന്ന ജ്വല്ലറിയുടമയായിരുന്നു റപ്പായേട്ടന്‍.

അദ്ദേഹമെന്നും രാത്രി കടയും അടച്ച്‌ വീട്ടിലേക്കുപോവും വഴിക്കാണ്‌ അന്നത്തെ വരുമാനം എണ്ണിത്തിട്ടപ്പെടുത്താറ്‌.കയ്യിലുള്ള ശീലസഞ്ചിയിലേക്കു കയ്യിലെ കാശെണ്ണി ഇട്ടുകൊണ്ടാണ്‌ നടത്തം, ഇതിനിടക്ക്‌ വഴിക്കരികിലെ ബാറില്‍ നിന്ന് ഒരു സ്മോളും അടുത്ത തട്ടുകടയില്‍ നിന്ന് ഒരു താറാമുട്ടയും കഴിക്കും.

ഇതെല്ലാം എന്നും കാണാറുള്ള ഒരു കള്ളന്‍, ഒരു ദിവസം രാത്രി തോക്കുമായ്‌ റപ്പായേട്ടന്റെ മുന്നിലേക്കു ചാടി വീണ്‌"ടാ കിളവാ കാശെടുക്കടാ" എന്നലറി.ഇതൊന്നും ഗൗനിക്കാതെ റപ്പായേട്ടന്‍ പണമെണ്ണികൊണ്ടുള്ള തന്റെ നടപ്പു തുടര്‍ന്നു.

ഇതു കണ്ട്‌ കള്ളന്‍ കുറച്ചുംകൂടി ഉച്ചത്തില്‍"ടാ കിളവാ തന്നോടാ പറഞ്ഞത്‌ കാശെടുക്കാന്‍"

അപ്പോള്‍ റപ്പായേട്ടന്‍ കള്ളനെ സൂക്ഷിച്ചു നോക്കികൊണ്ടുപറഞ്ഞു,"ടാ ശവ്യേ അത്‌ പൊട്ടോടാ"ഇതു കേട്ട്‌ കള്ളന്‍ അന്തം വിട്ട്‌ നില്‍ക്കുമ്പോള്‍,

ഇതൊന്നും ശ്രദ്ധിക്കാതെ പണമെണ്ണികൊണ്ടുള്ള തന്റെ നടപ്പു തുടര്‍ന്നു റപ്പായേട്ടന്‍.