
എല്ലാവരും തിരക്കിട്ട ജോലിയിലായിരുന്നു.നാളെ വൈകുന്നേരത്തിനുള്ളില്‍ പണിപൂര്‍ത്തിയാക്കി മടങ്ങി പോകാനുള്ള ധൃതിയിലായിരുന്നു സൂപ്പര്‍വൈസര്‍.അപ്പോഴാണ് ശ്രദ്ധിക്കുന്നത് കൂട്ടത്തില്‍ ഒരാള്‍ മിസ്സിംഗ്!എല്ലാവരും പരസ്പരം ചോദിച്ചു ''എവിടെ മുജീബ് റഹ്മാന്''
ഇടനാഴിയില്‍ ഒരിരുട്ട് മൂലയില്‍ മൊബൈല്‍ ഫോണിലൂടെ ഇടതടവില്ലാതെ ഡയല് ചെയ്ത് കണക്ഷന് കിട്ടാതെ വീണ്ടും വീണ്ടും നിരാശനാകുന്ന അവനെ കണ്ടെത്തിയപ്പോള്‍ അല്പം സ്വരമുയര്‍ത്തി തന്നെ ചോദിച്ചു പോയി ''ഓണത്തിനിടക്കാണോടാ നിന്റെ പുട്ടുകച്ചോടം'' മറുപടിയൊന്നും പറയാതെ നില്ക്കുന്ന അവന്റെ മുഖം പരിഭ്രമം കൊണ്ട് നിറഞ്ഞിരിക്കുന്നത് മങ്ങിയ വെളിച്ചത്തിലും ഞാന്‍ ശ്രദ്ധിച്ചു.എന്തൊപന്തികേടുണ്ടെന്ന് മനസ്സിലായി.നിര്‍ബന്ധിച്ചിട്ടും അവന് ഒന്നും പറയുന്നുമില്ല.അപ്പോഴേക്കും സഹപ്രവര്‍ത്തകരെല്ലാം അവിടെക്ക് ഓടിയെത്തിയിരുന്നു.
വിവാഹം കഴിഞ്ഞ് പതിനാലാം നാള് വിമാനം കയറിയ ഒരു പുതുമാരന്.മണിയറയുടെ മണം കിനാവില് തങ്ങി നില്ക്കുക സ്വാഭാവികം.ശ്രീമതിയുടെ പരിവേദനകളോ കണ്ണീരോ ഒരു പക്ഷെ അവനെ വേദനിപ്പിച്ചതാകുമോ? അതുമല്ലങ്കില്‍ വേണ്ടപ്പെട്ടവരുടെ അസുഖങ്ങളോ വേര്‍പ്പാടോ അറിയിച്ചു കൊണ്ടുള്ള വാര്‍ത്തകളോ മറ്റോ ആകുമോ? ചിന്തകള്‍ കാടുകയറുന്നതിനിടക്ക്,ആരുടേയെല്ലാം സ്നേഹപൂര്‍വ്വമായ നിര്‍ബന്ധത്തിനു വഴങ്ങി അവന് സസ്പെന്സിന്റെ കെട്ട് പൊട്ടിച്ചു.
പെണ്ണിന്റെ തന്തപ്പടി അതായത് അവന്റെ അമ്മായിയപ്പന് പ്രവാസലോകത്തേക്ക് യാത്രതിരിക്കുകയാണ്.എയര്‍പ്പോര്‍ട്ടുവരെ കെട്ട്യോളും അനുഗമിക്കുന്നുണ്ടത്രേ!അമ്മായിയമ്മ അസുഖം നിമിത്തം ഒപ്പം കൂടുന്നുമില്ല!കൂടെയുള്ളതാകട്ടെ എട്ടും പൊട്ടും തിരിച്ചറിയാത്ത അവളുടെ കുഞ്ഞനുജനുമാണ്.
''അതിനെന്താണിത്രെ പരിഭ്രമിക്കാനുള്ളത്,എയര്‍പ്പോര്‍ട്ടില്‍ കൊണ്ട് വിട്ട് അവരിങ്ങ് മടങ്ങി വീട്ടിലെത്തില്ലേ? തന്റെ വേവലാതി കണ്ടപ്പോള്‍ മറ്റെന്തോ അത്യാഹിതം സംഭവിച്ചെന്നാണല്ലോ കരുതിയത്'' ഞാന്‍ പറഞ്ഞു.
അവന്റെ പ്രതികരണം പെട്ടെന്നായിരുന്നു ''ഇങ്ങക്കറിയില്ല ഞങ്ങളുടെ സ്റ്റാന്റിലുള്ള ടാക്സിക്കാരെ ഒക്കെ വെടക്കാ അതാ നിക്ക് പേടി''.
''അങ്ങിനെയൊന്നും ചിന്തിക്കരുത്, എല്ലാവരും നല്ലവരെന്ന് കരുതുക.കേട്ടിടത്തോളം തന്റെ ഭാര്യ ഒരു പാവം കുട്ടിയാണ്.അവളെ ഒട്ടും സംശയിക്കരുത്.ആവശ്യമില്ലാത്തത് ചിന്തിച്ച് തലപുണ്ണാക്കി സമയം കളയാതെ വന്ന് നീ നിന്റെ ജോലി പൂര്‍ത്തിയാക്കാന്‍ നോക്ക്'' എന്ന എന്റെ മറുപടിക്ക് അവന്റെ പൊട്ടിതെറിയായിരുന്നു ഉത്തരം.
''അവിടത്തെ ഒരു ഡ്രൈവറും ശരിയല്ല,അവസരം കിട്ടിയാല്‍ മൊതലാക്കും.ഞാനും ആ സ്റ്റാന്റിലെ ഡ്രൈവറായിരുന്നു,നിക്കറിയാല്ലോ എന്താനടക്കാന്!!!''