
കഥ:തകര്‍ന്ന പ്രേമസ്വപ്നം.
രചന:മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍.
ചിത്രം:മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍.
ഒന്‍പതാം ക്ലാസ്സിലെ ബാക്ക് ബഞ്ചിലെ റോയിയും,സണ്ണിയും,ജോസഫും,മാത്യൂസും പിന്നെ ഞാനും ക്ലാസ്സിലെന്നല്ല സ്ക്കൂളിലൂം പേരുകേട്ടവരായിരുന്നു.
ആരുകണ്ടാലും പറയുക തലതെറിച്ച പിള്ളേരെന്നാണ്.അക്കാലത്ത് എനിക്കൊരു പ്രേമമുണ്ടായിരുന്നു.
എട്ടാം ക്ലാസ്സില്‍ പുതുതായി ചേര്‍ന്ന മറിയാമ്മയെയായിരുന്നു ഞാന്‍ പ്രേമിച്ചിരുന്നത്.
ഒരു ദിവസം അവളെയും കൂട്ടി നാടുവിടണം.പിന്നെയെവിടെയെങ്കിലും പോയി അദ്ധ്വാനിച്ചു ജീവിക്കണം.
അവളും ഞാനും തനിച്ചൊരുവീട്ടില്‍;എന്റ്റെ സ്വപ്നത്തെക്കുറിച്ചു ഞാന്‍ സണ്ണിയോടു പറഞ്ഞു.
സ്ക്കൂളിന്റ്റെ പിന്നിലെയുള്ള റബ്ബര്‍ തോട്ടത്തില്ക്കൂടി കരിയിലകളെ മെതിച്ചു ശബ്ദമുണ്ടാക്കി നടക്കുന്നതിനിടക്കു ഞാന്‍ ഇടര്‍ച്ചയോടെയും ചമ്മലോടെയും പറഞ്ഞ വര്‍ത്തമാനം കേട്ട് സണ്ണി ഒറ്റച്ചിരി.
എന്നിട്ടു ചോദിച്ചു"എടാ നിങ്ങള്‍ക്കു പിള്ളേരോന്നും വേണ്ടേ?".
അക്കാര്യം എന്റ്റെ ചിന്തയിലേയില്ലായിരുന്നു.
"അതിന്താ കല്ല്യാണം കഴിഞ്ഞാല്‍ കുട്ടികള്‍ തനിയെ ഉണ്ടാവുന്നതല്ലേ?"
എന്നു ഞാന്‍ മറുചേദ്യം ചോദിച്ചപ്പോള്‍,
അവനെന്നെയൊന്നു നോക്കി'നീയിത്ര മണ്ടനാണോ'ഇന്നര്‍ത്ഥം ആ നോട്ടത്തിനുണ്ടായിരുന്നെന്നു പിന്നെയെനിക്കു മനസ്സിലായി.
അവന് എന്നെ അടുത്ത ഇടവഴിയിലേക്കു പിടിച്ചു മാറ്റി നിര്‍ത്തി രഹസ്യമായ് കുറച്ചു നേരം സംസാരിച്ചു.
ഞാന്‍ ചമ്മലോടെയെന്തോ കേള്‍ക്കാന്‍ പാടില്ലാത്തതു കേട്ടതു പോലെയായി.
പക്ഷേ അവന് പറഞ്ഞു കഴിഞ്ഞിട്ടും ഇനിയും കൂടുതലറിയണമെന്നാശയോടെ അവനെ ചുറ്റിപ്പറ്റിനിന്നു.
ആദിവസം അങ്ങിനെ അവസാനിച്ചു.പിറ്റേന്നുമുതല്‍ മറിയാമ്മയെ കാണുമ്പോഴൊക്കെയും എനിക്കൊരു വല്ലാത്ത നാണം.
അവളുടെ കണ്ണുകള്‍ സൂചിപോലെ നീണ്ടുവന്നു എന്റ്റെ കണ്ണുകളില്‍ കുത്തുന്നതു പോലെ.
ഒരുദിവസം ഞാന്‍ എന്റ്റെ ചങ്കുതകരുന്ന കാഴ്ച്ച കണ്ടു.
പത്താം ക്ലാസ്സിലെ തോമസ്സ് മറിയാമയോട് സംസാരിച്ച് ഇടനാഴിയില്‍ നില്‍ക്കുന്നത്.
എന്റ്റെ സ്വസ്ഥത നഷ്ടമായ്.
ഞാന്‍ ഉടനെ അവരുടെ മുന്നില്‍ പോയി ഗൗരവത്തില്‍ അവരത്തെന്നെ നോക്കിനിന്നു.
എന്നെ ഗൗനിക്കാതെ അവര്‍ പിന്നെയും സംസാരം തുടര്‍ന്നു.
ഓരോന്നു പറയുന്നു പിന്നെ ചിരിക്കുന്നു.
മറിയാമ്മയുടെ മുഖം ചുവന്നു തുടുത്തു നില്ക്കുന്നു.
എനിക്കു സഹിക്കുന്നതിലപ്പുറമായിരുന്നു ആ കാഴ്ച്ച.
ഞാന്‍ എന്തോ പറയാന്‍ അടുത്തുച്ചെന്നതും തോമസ് എന്നെ നോക്കി
" പോടാ എന്താ നിനക്കിവിടെ കാര്യം പോ.."
എന്റ്റെ അഭിമാനം വ്രണപ്പെടുത്തിയതുപോലെയായ്.
ഞാന്‍ മറിയാമായെ നോക്കി അവള് തോമസ്സിനെത്തെന്നെ നോക്കി നില്‍ക്കുകയാണ്.
അവള്‍ക്കറിയില്ലല്ലോ ഞാന്‍ അവളെ സ്നേഹിക്കുനുണ്ടെന്ന്.
എത്ര പ്രാവശ്യം സണ്ണിയെന്നോടു പറഞ്ഞത്താണ് മറിയാമ്മയോടു ചെന്നു നിന്റ്റെ സ്നേഹം പറയാന്‍.
വൈകിപ്പോയ നിമിഷങ്ങളെയോര്‍ത്ത് ഞാന്‍ ദു:ഖത്തോടെ അവിടെ നിന്നും തിരിച്ചു നടന്നു.
അവസനമായ് ഒരിക്കല്‍ കൂടി ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ തൂണില്‍ ചാരിനിന്നു കൊണ്ടു ചിരിക്കുകയായിരുന്നു മറിയാമ്മയും തോമസ്സും.