Tuesday, April 6, 2010

എ ഫ്യൂഡല്‍



“അച്ചാ ഇതാണോ ഭാരതപുഴ” കുറ്റിപ്പുറം പാലത്തിലൂടെ സഞ്ചരിക്കവേ മകള്‍ എന്നോട് ചോദിച്ചു!
അങ്ങിങ്ങവിടെയായി കുറച്ചു വെള്ളകുഴികള്‍ മാത്രം!
എന്നിട്ടും മണല്‍ മാഫിയക്കാര്‍ സജീവം!
ചെറുപ്പത്തില്‍ കടല്‍ കരയില്‍ ചെറുകുളങ്ങള്‍ ഉണ്ടാക്കികളിച്ചതിന്റെ ഓര്‍മ്മയില്‍ ഞാന്‍ വണ്ടിയോടിച്ചു.
ആകാശം മുന്നില്‍ നീണ്ടു നിവര്‍ന്നു നില്‍ക്കുന്നു.കൂട്ടിനായ് താഴെ പരന്നുകിടക്കുന്ന ഭൂമി.
നിയമം വെന്തമണം കാറ്റില്‍ പറന്നു വന്ന് മൂക്കിലടിച്ചപ്പോള്‍ തുറന്നിട്ടിരുന്ന കാറിന്റെ ചില്ലുകള്‍ ഞാന്‍ അടച്ചു.
റേഡിയോ തുറന്നപ്പോള്‍ സുകുമാര്‍ അഴീക്കോട് എന്തെല്ലാമോ പുലമ്പുന്നു “ കാശുള്ളവന്‍ കേമനും കാശില്ലാത്തവന്‍ കോമാളിയുമാണ്....” ആ സംഭാഷണങ്ങള്‍ തലവേദനയുണ്ടാക്കുമെന്നായപ്പോള്‍ അതും ഓഫാക്കി.
അപ്പോഴേക്കും മകള്‍ ഉറങ്ങിയിരുന്നു.മകളുടെ ദേഹത്ത് പുറത്തെ ചൂട് വിയര്‍പ്പുപടര്‍ത്തിയപ്പോള്‍ ഞാന്‍ ഏ.സി ഓണാക്കി.
ധര്‍മ്മം പുലര്‍ത്താന്‍ കഴിയാത്ത ദൈവമപ്പോള്‍ എന്നെ നോക്കി “എ ഫ്യൂഡല്‍ “ എന്നു മന്ത്രിക്കുന്നുണ്ടായിരുന്നു!.

ഞാന്‍ പറയാത്ത രഹസ്യങ്ങള്‍



സുദേവിന്റെ മരണത്തോടെ അനാഥമായ ആ തകരപ്പെട്ടിയിലെ എഴുത്തുകളാണ് എന്നോട് അയാളുടെ ജീവിതം പറഞ്ഞത്.
പ്രണയത്തില്‍ തുടങ്ങി വിരഹത്തില്‍ അവസാനിച്ച ആ ജീവിതത്തിനിടക്ക് എന്തെല്ലാം പെടാപ്പാടുകള്‍!.
പതിനാറാം നിലയിലെ പണിക്കാരാണ് ആ ജഡം കാണുന്നത് അതും ഒരു ഞായറാഴ്ച്ച.ആരും കാണാതെ കഴിഞ്ഞ മൂന്നു ദിവസമായി ആ ജഡം അവിടെ തൂങ്ങിനിലക്കുന്നുണ്ട്!
പോലീസ് ക്ലിയറന്‍സ് കഴിഞ്ഞ് കിട്ടിയ ജഡം ഏറ്റുവാങ്ങുവാന്‍ ആളുകളില്ലാതെ പൊതുശ്മശാനത്തില്‍ മറവുചെയ്തപ്പോഴാണ് ഞാന്‍ ശരിക്കും ആ വിരഹം അറിഞ്ഞത്!
അവസാനം എനിക്കുകൂട്ടായി അയാള്‍ ബാക്കിവെച്ച സമ്പാദ്യമായ എഴുത്തുകള്‍ അതിലെ രഹസ്യങ്ങള്‍...... എന്നോടൊപ്പം മണ്ണടിയട്ടെ!.