Wednesday, August 11, 2010

ഒരു അത്താഴം മുടക്കിയുടെ കഥ



അലാറം അടിച്ചു,സമയം പുലര്‍ച്ചെ 3.15.അവന്‍ എഴുന്നേറ്റു അലാറം ഓഫാക്കിയ ശേഷം, ബാത്ത്റൂമുലേക്ക് നടന്നു.അപ്പോഴതാ വീണ്ടും അലാറം അടിക്കുന്നു. ഓഫാക്കിയതാണല്ലോ?പിന്നെ എങ്ങിനെ? എന്ന സംശയത്തോടെ നോക്കുമ്പോഴാണ് അവനു മനസില്ലായത്, ആ മൊബൈലിന്റെ ഉടമ ഞാന്‍ അല്ല എന്ന്!അത് ഭാര്യയുടെ ഫോണ്‍ ആണ്. അവന്‍ ഭാര്യയെ നോക്കി അവള്‍ നല്ല ഉറക്കം.അവള്‍ എന്തിനാ ഈ സമയത്ത് അലാറം വെച്ചത്? ഇനി ചിലപ്പോള്‍ തെറ്റിവച്ചതായിരിക്കുമോ? എന്തായാലും അവന്‍ അതും ഓഫാക്കിയശേഷം ബാത്ത്റൂമിലേക്ക് നടന്നു.

പ്രാഥമിക കര്‍മ്മവും പല്ലുതേപ്പും കഴിഞ്ഞു, ഇനി കുളിക്കണം! കുളിക്കുന്നതിനിടക്ക് ലാന്റ്ഫോണ്‍ ശബ്ദിക്കുന്നുണ്ടായിരുന്നു.ആരാണ് ഈ വെളുപ്പാന്‍ കാലത്ത് എന്ന സംശയം തോന്നാതിരുന്നില്ല.എന്തായാലും ഈ ശബ്ദം ഭാര്യയെ ഉണര്‍ത്തിയെന്നു മാത്രം അവനു മനസിലായി. എല്ലാം കഴിഞ്ഞിറങ്ങുമ്പോള്‍ സമയം 3.45.അപ്പോഴേക്കും സുബഹി ബാങ്ക് കൊടുത്തു കഴിഞ്ഞിരുന്നു.

അവനെ കണ്ടപാടെ ഭാര്യയുടെ ഒരു ചോദ്യം "ഇക്കയാണോ അലാറം ഓഫാക്കിയത്'' അവന്‍ “അതെ“ എന്നു പറഞ്ഞു.അപ്പോള്‍ ഭാര്യ"ഞാന്‍ അത്താഴം കഴിക്കാന്‍ വേണ്ടി വെച്ചതാ അത്'' അപ്പോഴാണ് അവനു മുന്‍പുണ്ടായ ആ സംശയത്തിന്റെ ഉത്തരം പിടി കിട്ടിയത്.അവന്‍ ചോദിച്ചു "ആരാ ലാന്റില്‍ വിളിച്ചത്'' ഭാര്യ പറഞ്ഞു "അത് റഹ്മാന്‍ക്കയാണ്''.അടുത്ത ഫ്ലാറ്റില്‍ താമസിക്കുന്ന കക്ഷിയാണ് ഈ റഹ്മാന്‍ക്ക .ഇന്ന് റമദാന്‍ ഒന്നാണല്ലോ?അതിന്നാല്‍ പള്ളിയിലോട്ട് വരുന്നോ എന്നറിയാന്‍ വിളിച്ചതാ കക്ഷി!ആള്‍ എല്ലാ ദിവസവും സുബഹി നമസ്ക്കാരം പള്ളിയില്‍ പോയി നിര്‍വ്വഹിക്കുന്ന കക്ഷിയാണ്.അവന്‍ ഇന്നലെ പറഞ്ഞ പ്രകാരമാണ് കക്ഷി ലാന്റില്‍ വിളിച്ചത്.

ആ കടന്നല്‍ കുത്തിയ മുഖം ഒന്നു തെളിഞ്ഞുകാണാനും,റമദാന്‍ ഒന്നിന്റെ ഈ പ്രഭാതം പ്രദോഷമാകാതിരിക്കാനുമായി അവന്‍ ഒരു പൊടികൈ പ്രയോഗിക്കാന്‍ തീരുമാനിച്ചു.അവന്‍ പറഞ്ഞു "അല്ല അതിപ്പോ വേണമെങ്കില്‍ ചായയോ മറ്റോ കുടിക്കാം,അതിന്നെല്ലാം ഇളവുണ്ട്'' അപ്പോള്‍ ഭാര്യ "ഞാന്‍ ഇളവുകളൊന്നും ചോദിച്ചില്ലല്ലോ?'' ഇതിലൊന്നും ഈ വീക്കം മാറില്ലെന്നറിഞ്ഞ അവന്‍ സമയം കളയാതെ ഡ്രസ്സുമാറ്റി പള്ളിയിലോട്ട് നടന്നു.പതിവിലും സമയം വൈകിയാണ് അവന്‍ പള്ളിയില്‍ നിന്നും മടങ്ങിയത്.വീട്ടിലെത്തിയപ്പോഴേക്കും ഭാര്യ നമസ്ക്കാരവും കഴിഞ്ഞുറക്കമായിരുന്നു.അവന്‍ മിണ്ടാതെ കട്ടിലില്‍ കയറി കിടന്നു.

അവന്‍ രാവിലെ ഏഴുമണിക്ക് എഴുന്നേറ്റ് ജോലിക്കുപോയി.ഇനി രണ്ടുമണിക്കറിയാം അലാറം ഓഫാക്കിയതിന്റെ ബാക്കി പൊല്ലാപ്പുകള്‍!എന്തായാലും അവന്റെ ഈ ഓര്‍മ്മശക്തി പിശകുകൊണ്ട് ഒരു അത്താഴം മുടക്കിയെങ്കിലും ആകാന്‍ കഴിഞ്ഞല്ലോ?

Friday, June 11, 2010

ചൂട്ട്



ചിത്രം : ഇന്‍‌ട്രൂഡര്‍

രാത്രിയില്‍ അകലെ കാണുന്ന കൊച്ചു വെളിച്ചത്തെ ലക്ഷ്യമാക്കി, അയാള്‍ ഏകനായി നടന്നു.ആ വെളിച്ചം അണയുന്നതിനു മുന്‍പെ അവിടെ എത്തണം.എന്നാല്‍ മാത്രമെ അയാളുടെ ഈ യാത്ര ലക്ഷ്യത്തിലെത്തൂ!.

വയലിന്റെ അങ്ങേതലക്കല്‍ നില്‍ക്കുന്ന മരക്കൂട്ടങ്ങള്‍ കാറ്റേറ്റ് ഇളകി.ആരേ അദൃശ്യമായി തന്റെ വരവിനെ സ്വാഗതം ചെയ്യുകയാണോ എന്നുപോലും അയാള്‍ സംശയിച്ചു.പൊടുന്നനെ വന്ന കാറ്റ് അയാളുടെ കൈയിലെ ചൂട്ടിനെ ഒന്ന് ശക്തിയായി പ്രകാശിപ്പിച്ചു.അടുക്കും തോറും ആ വെളിച്ചം ഒരു ബംഗ്ലാവില്‍ നിന്നാണെന്ന സത്യം അയാള്‍ മനസിലാക്കി.

എന്റെ ബാല്യവും കൌമാരവും യൌവനവുമെല്ലാം ആ വൃദ്ധമനസിലൂടെ ഒരു സെല്ലുലോയിഡിലൂടെന്ന പോലെ കടന്നുപോയി.

ഞാന്‍ നടന്നു വന്നത് വയല്‍ വരമ്പിലൂടെയല്ല, ടാറിട്ട ഒന്നാംതരം റോഡിലൂടെയായിരുന്നുവെന്നും,വയലുകള്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ഹൌസിങ്ങ് കോളനിയായിരുന്നുവെന്നും,തന്റെ വരവിനെ അദൃശ്യമായി സ്വാഗതം ചെയ്ത ആ മരക്കൂട്ടങ്ങള്‍ കാറ്റേറ്റ് ഇളകിയതല്ല,അത് ഒരു ഫാക്റ്ററിയില്‍ നിന്നും വമിച്ച കറുത്ത പുകയുടെ കൂട്ടമായിരുന്നു വെന്നും മനസിലാക്കിയ നിമിഷമയാള്‍ക്ക് ചുറ്റും ഒരു കൂട്ടമാളുകള്‍ തന്നെയുണ്ടായിരുന്നു.

അവിടെ കുടിയ പലരും അയാളുടെ കൈയ്യിലെ ചൂട്ട് ആദ്യമായി കാണുന്നവരയിരുന്നു.അതിനിടയിലാരോക്കെയോ ഭ്രാന്താശുപതിയിലേക്കും പോലീസ് സ്റ്റേഷനിലേക്കുമൊക്കെ ഫോണ്‍ ചെയ്യുന്നുണ്ടായിരുന്നു.


Share/Bookmark

Tuesday, April 6, 2010

എ ഫ്യൂഡല്‍



“അച്ചാ ഇതാണോ ഭാരതപുഴ” കുറ്റിപ്പുറം പാലത്തിലൂടെ സഞ്ചരിക്കവേ മകള്‍ എന്നോട് ചോദിച്ചു!
അങ്ങിങ്ങവിടെയായി കുറച്ചു വെള്ളകുഴികള്‍ മാത്രം!
എന്നിട്ടും മണല്‍ മാഫിയക്കാര്‍ സജീവം!
ചെറുപ്പത്തില്‍ കടല്‍ കരയില്‍ ചെറുകുളങ്ങള്‍ ഉണ്ടാക്കികളിച്ചതിന്റെ ഓര്‍മ്മയില്‍ ഞാന്‍ വണ്ടിയോടിച്ചു.
ആകാശം മുന്നില്‍ നീണ്ടു നിവര്‍ന്നു നില്‍ക്കുന്നു.കൂട്ടിനായ് താഴെ പരന്നുകിടക്കുന്ന ഭൂമി.
നിയമം വെന്തമണം കാറ്റില്‍ പറന്നു വന്ന് മൂക്കിലടിച്ചപ്പോള്‍ തുറന്നിട്ടിരുന്ന കാറിന്റെ ചില്ലുകള്‍ ഞാന്‍ അടച്ചു.
റേഡിയോ തുറന്നപ്പോള്‍ സുകുമാര്‍ അഴീക്കോട് എന്തെല്ലാമോ പുലമ്പുന്നു “ കാശുള്ളവന്‍ കേമനും കാശില്ലാത്തവന്‍ കോമാളിയുമാണ്....” ആ സംഭാഷണങ്ങള്‍ തലവേദനയുണ്ടാക്കുമെന്നായപ്പോള്‍ അതും ഓഫാക്കി.
അപ്പോഴേക്കും മകള്‍ ഉറങ്ങിയിരുന്നു.മകളുടെ ദേഹത്ത് പുറത്തെ ചൂട് വിയര്‍പ്പുപടര്‍ത്തിയപ്പോള്‍ ഞാന്‍ ഏ.സി ഓണാക്കി.
ധര്‍മ്മം പുലര്‍ത്താന്‍ കഴിയാത്ത ദൈവമപ്പോള്‍ എന്നെ നോക്കി “എ ഫ്യൂഡല്‍ “ എന്നു മന്ത്രിക്കുന്നുണ്ടായിരുന്നു!.

ഞാന്‍ പറയാത്ത രഹസ്യങ്ങള്‍



സുദേവിന്റെ മരണത്തോടെ അനാഥമായ ആ തകരപ്പെട്ടിയിലെ എഴുത്തുകളാണ് എന്നോട് അയാളുടെ ജീവിതം പറഞ്ഞത്.
പ്രണയത്തില്‍ തുടങ്ങി വിരഹത്തില്‍ അവസാനിച്ച ആ ജീവിതത്തിനിടക്ക് എന്തെല്ലാം പെടാപ്പാടുകള്‍!.
പതിനാറാം നിലയിലെ പണിക്കാരാണ് ആ ജഡം കാണുന്നത് അതും ഒരു ഞായറാഴ്ച്ച.ആരും കാണാതെ കഴിഞ്ഞ മൂന്നു ദിവസമായി ആ ജഡം അവിടെ തൂങ്ങിനിലക്കുന്നുണ്ട്!
പോലീസ് ക്ലിയറന്‍സ് കഴിഞ്ഞ് കിട്ടിയ ജഡം ഏറ്റുവാങ്ങുവാന്‍ ആളുകളില്ലാതെ പൊതുശ്മശാനത്തില്‍ മറവുചെയ്തപ്പോഴാണ് ഞാന്‍ ശരിക്കും ആ വിരഹം അറിഞ്ഞത്!
അവസാനം എനിക്കുകൂട്ടായി അയാള്‍ ബാക്കിവെച്ച സമ്പാദ്യമായ എഴുത്തുകള്‍ അതിലെ രഹസ്യങ്ങള്‍...... എന്നോടൊപ്പം മണ്ണടിയട്ടെ!.

Wednesday, January 20, 2010

നിക്കറിയാല്ലോ എന്താനടക്കാന്



എല്ലാവരും തിരക്കിട്ട ജോലിയിലായിരുന്നു.നാളെ വൈകുന്നേരത്തിനുള്ളില്‍ പണിപൂര്‍ത്തിയാക്കി മടങ്ങി പോകാനുള്ള ധൃതിയിലായിരുന്നു സൂപ്പര്‍വൈസര്‍.അപ്പോഴാണ് ശ്രദ്ധിക്കുന്നത് കൂട്ടത്തില്‍ ഒരാള്‍ മിസ്സിംഗ്!എല്ലാവരും പരസ്പരം ചോദിച്ചു ''എവിടെ മുജീബ് റഹ്മാന്‍''

ഇടനാഴിയില്‍ ഒരിരുട്ട് മൂലയില്‍ മൊബൈല്‍ ഫോണിലൂടെ ഇടതടവില്ലാതെ ഡയല്‍ ചെയ്ത് കണക്ഷന്‍ കിട്ടാതെ വീണ്ടും വീണ്ടും നിരാശനാകുന്ന അവനെ കണ്ടെത്തിയപ്പോള്‍ അല്‍പം സ്വരമുയര്‍ത്തി തന്നെ ചോദിച്ചു പോയി ''ഓണത്തിനിടക്കാണോടാ നിന്റെ പുട്ടുകച്ചോടം'' മറുപടിയൊന്നും പറയാതെ നില്‍ക്കുന്ന അവന്റെ മുഖം പരിഭ്രമം കൊണ്ട് നിറഞ്ഞിരിക്കുന്നത് മങ്ങിയ വെളിച്ചത്തിലും ഞാന്‍ ശ്രദ്ധിച്ചു.എന്തൊപന്തികേടുണ്ടെന്ന് മനസ്സിലായി.നിര്‍ബന്ധിച്ചിട്ടും അവന്‍ ഒന്നും പറയുന്നുമില്ല.അപ്പോഴേക്കും സഹപ്രവര്‍ത്തകരെല്ലാം അവിടെക്ക് ഓടിയെത്തിയിരുന്നു.

വിവാഹം കഴിഞ്ഞ് പതിനാലാം നാള്‍ വിമാനം കയറിയ ഒരു പുതുമാരന്‍.മണിയറയുടെ മണം കിനാവില്‍ തങ്ങി നില്‍ക്കുക സ്വാഭാവികം.ശ്രീമതിയുടെ പരിവേദനകളോ കണ്ണീരോ ഒരു പക്ഷെ അവനെ വേദനിപ്പിച്ചതാകുമോ? അതുമല്ലങ്കില്‍ വേണ്ടപ്പെട്ടവരുടെ അസുഖങ്ങളോ വേര്‍പ്പാടോ അറിയിച്ചു കൊണ്ടുള്ള വാര്‍ത്തകളോ മറ്റോ ആകുമോ? ചിന്തകള്‍ കാടുകയറുന്നതിനിടക്ക്,ആരുടേയെല്ലാം സ്നേഹപൂര്‍വ്വമായ നിര്‍ബന്ധത്തിനു വഴങ്ങി അവന്‍ സസ്പെന്‍സിന്റെ കെട്ട് പൊട്ടിച്ചു.

പെണ്ണിന്റെ തന്തപ്പടി അതായത് അവന്റെ അമ്മായിയപ്പന്‍ പ്രവാസലോകത്തേക്ക് യാത്രതിരിക്കുകയാണ്.എയര്‍പ്പോര്‍ട്ടുവരെ കെട്ട്യോളും അനുഗമിക്കുന്നുണ്ടത്രേ!അമ്മായിയമ്മ അസുഖം നിമിത്തം ഒപ്പം കൂടുന്നുമില്ല!കൂടെയുള്ളതാകട്ടെ എട്ടും പൊട്ടും തിരിച്ചറിയാത്ത അവളുടെ കുഞ്ഞനുജനുമാണ്.

''അതിനെന്താണിത്രെ പരിഭ്രമിക്കാനുള്ളത്,എയര്‍പ്പോര്‍ട്ടില്‍ കൊണ്ട് വിട്ട് അവരിങ്ങ് മടങ്ങി വീട്ടിലെത്തില്ലേ? തന്റെ വേവലാതി കണ്ടപ്പോള്‍ മറ്റെന്തോ അത്യാഹിതം സംഭവിച്ചെന്നാണല്ലോ കരുതിയത്'' ഞാന്‍ പറഞ്ഞു.

അവന്റെ പ്രതികരണം പെട്ടെന്നായിരുന്നു ''ഇങ്ങക്കറിയില്ല ഞങ്ങളുടെ സ്റ്റാന്റിലുള്ള ടാക്സിക്കാരെ ഒക്കെ വെടക്കാ അതാ നിക്ക് പേടി''.

''അങ്ങിനെയൊന്നും ചിന്തിക്കരുത്, എല്ലാവരും നല്ലവരെന്ന് കരുതുക.കേട്ടിടത്തോളം തന്റെ ഭാര്യ ഒരു പാവം കുട്ടിയാണ്.അവളെ ഒട്ടും സംശയിക്കരുത്.ആവശ്യമില്ലാത്തത് ചിന്തിച്ച് തലപുണ്ണാക്കി സമയം കളയാതെ വന്ന് നീ നിന്റെ ജോലി പൂര്‍ത്തിയാക്കാന്‍ നോക്ക്'' എന്ന എന്റെ മറുപടിക്ക് അവന്റെ പൊട്ടിതെറിയായിരുന്നു ഉത്തരം.

''അവിടത്തെ ഒരു ഡ്രൈവറും ശരിയല്ല,അവസരം കിട്ടിയാല്‍ മൊതലാക്കും.ഞാനും ആ സ്റ്റാന്റിലെ ഡ്രൈവറായിരുന്നു,നിക്കറിയാല്ലോ എന്താനടക്കാന്!!!''