Saturday, September 20, 2008

ധര്‍മ്മപ്പെട്ടി



കഥ:ധര്‍മ്മപ്പെട്ടി*

രചന:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍.

ചിത്രം:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍.

ധര്‍മ്മപ്പെട്ടിയില്‍ ഭക്തന്മാര്‍ ദിവസവും
പണമിട്ടുകൊണ്ടിരുന്നു.

ഒരിക്കലും ഈ പണം ദൈവത്തിനു
വേണ്ടി ആരും ഉപയോഗിച്ചില്ല!

ദൈവമൊരു പരാതി സര്‍ക്കാരിനയച്ചു!

സര്‍ക്കര്‍ പ്രധാന മൂന്ന് മതത്തിന്റെ
മേലാധ്യക്ഷന്മാരെ ചര്‍ച്ചക്കു ക്ഷണിച്ചു!

ദൈവത്തിന്റെ പരാതി അവരെ കേള്‍പ്പിച്ചു.

ഇതുകേട്ട ഒന്നാമത്തെ മതത്തിന്റെ
മേലധ്യക്ഷന്‍ പറഞ്ഞു

ധര്‍മ്മപ്പെട്ടി തുറന്നു കഴിഞ്ഞാല്‍
ഒരു വൃത്തം വരക്കുക,തുടര്‍ന്ന്
ഓരോ നാണയം മുകളിലെക്കെറിയുക
വൃത്തത്തില്‍ വീഴുന്നവ ദൈവത്തിനും
പുറത്തു വീഴുന്നവ നമ്മള്‍ക്കും!

ഇതുകേട്ട രണ്ടാമത്തെ മതത്തിന്റെ
മേലധ്യക്ഷന്‍ പറഞ്ഞു

ധര്‍മ്മപ്പെട്ടി തുറന്നു കഴിഞ്ഞാല്‍
ഒരു രേഖ വരക്കുക,തുടര്‍ന്ന്
ഓരോ നാണയം മുകളിലെക്കെറിയുക
വലത്തു വീഴുന്നവ ദൈവത്തിനും
ഇടത്തു വീഴുന്നവ നമ്മള്‍ക്കും!

ഇതുകേട്ട മൂന്നാമത്തെ മതത്തിന്റെ
മേലധ്യക്ഷന്‍ പറഞ്ഞു

രണ്ടും സ്വീകാര്യമല്ല കാരണം
നാണയം മുകളിലോട്ട്‌ ചുഴറ്റുമ്പോള്‍
കൈകള്‍ വളയുകയും തിരിയുകയും
ചെയ്യും അതിന്നാല്‍ ദൈവത്തിനു
പണമൊന്നും കിട്ടുവാന്‍ വഴിയില്ല
അതിന്നാല്‍ ഞാന്‍ ഒരു നേര്‍വഴി പറയാം

നേര്‍വഴി കേള്‍ക്കാന്‍ എല്ലാവരും
കണ്മിഴിച്ചിരുന്നു!

നേര്‍വഴി ഇപ്രകാരമായിരുന്നു

നാണയം മുകളിലോട്ട്‌ എറിയുമ്പോള്‍
സ്വര്‍ഗത്തിലെത്തുന്നത്‌ ദൈവത്തിനും
ഭൂമിയിലെത്തുന്നത്‌ നമ്മള്‍ക്കും!

*ഒരു നാടോടി കഥയുടെ പുന:രാവിഷ്കാരം